Asianet News MalayalamAsianet News Malayalam

'ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍' ; നമ്പി നാരായണന്‍റെ ആത്മകഥയ്ക്ക് ആവശ്യക്കാരേറുന്നു

24 വര്‍ഷങ്ങള്‍ക്കിപ്പുറം നീതിയുടെ പരമോന്നത നീതി പീഠം 77 വയസുള്ള ആ വയോധികന്‍റെ നരകയറാത്ത ആത്മാഭിമാന പോരാട്ടത്തെ ഏവരും അഭിവാദ്യം ചെയ്തിരിക്കുന്നുവെന്നാണ് തെളിയുന്നത്. വായനശാലകളില്‍, പുസ്തകഷോപ്പുകളില്‍ എല്ലാം ഓര്‍മ്മകളുട ഭ്രമണപഥം മൂന്ന് ദിവസത്തിനുള്ളില്‍ മാത്രം ചോദിച്ചെത്തിയവരും വാങ്ങിയവരും നിരവധിയാണ്. 
 

Nambi Narayanan autobiography demand
Author
Thrissur, First Published Sep 28, 2018, 3:59 PM IST

തൃശൂര്‍: ഒരു കാലത്ത് അറപ്പും വെറുപ്പും കലര്‍ന്ന് നോക്കി കണ്ടിരുന്നവര്‍ക്ക് ഇഷ്ടമേറുകയാണ് ആ നരയേറിയ മുഖത്തിനോടും... ജീവിതത്തിനോടും ... ഏറെയനുഭവിച്ച ആ ജീവിതത്തന്‍റെ കനലെരിച്ചിലുകളോടും. പുകച്ചിലൊടുങ്ങിയ ചാരക്കേസിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന നമ്പിനാരായണന്‍റെ ആത്മകഥ 'ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍' ഇടവേളക്ക് ശേഷം വായനക്കാര്‍ക്ക് ആവശ്യക്കാരേറിയിരിക്കുന്നു. 

24 വര്‍ഷങ്ങള്‍ക്കിപ്പുറം നീതിയുടെ പരമോന്നത നീതി പീഠം കുറ്റക്കാരനല്ലെന്ന് വിധിച്ച  77 വയസുള്ള ആ വയോധികന്‍റെ നരകയറാത്ത ആത്മാഭിമാന പോരാട്ടത്തെ ഏവരും അഭിവാദ്യം ചെയ്തിരിക്കുന്നുവെന്നാണ് പുസ്തക വില്പ്പന തെളിയുന്നത്. വായനശാലകളില്‍, പുസ്തകഷോപ്പുകളില്‍ എല്ലാം ഓര്‍മ്മകളുട ഭ്രമണപഥം മൂന്ന് ദിവസത്തിനുള്ളില്‍ മാത്രം ചോദിച്ചെത്തിയവരും വാങ്ങിയവരും നിരവധിയാണ്. 

കേരളത്തിലെ ബുക്ക്‌ ഷോപ്പുകളില്‍ ഇപ്പോള്‍ പുസ്തകത്തിന്‍റെ ഒരു പകര്‍പ്പ് പോലും ഇല്ലാത്ത അവസ്ഥയാണ്. ചാരക്കേസില്‍ വിധി വന്ന ഇക്കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ കേരളത്തിലെ പുസ്തക ഷോപ്പുകളില്‍ നിന്നും പുസ്തകങ്ങള്‍ വിറ്റൊഴിഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് ഓര്‍മ്മകളുടെ ഭ്രമണപഥം പുറത്തിറങ്ങിയത്. തന്നെ കരുവാക്കിയവരെ ചൂണ്ടിക്കാണിച്ച പുസ്തകത്തിന് അന്ന് വിവാദത്തോടെയായിരുന്നു വിപണിയില്‍ സ്ഥാനം ലഭിച്ചത്. 

ഇക്കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധിയോടെയാണ് പുസ്തകത്തിന് ആവശ്യക്കാരേറിയത്. നേരത്തെ രാജ്യദ്രോഹിയായി കണക്കാക്കി അകലം പാലിച്ചവര്‍ക്ക് നമ്പി നാരായണനോട് ഇഷ്ടം തോന്നിയതാവാം ഇപ്പോഴത്തെ പുസ്തകം തേടിയുള്ള വരവെന്ന് കൊടകര വായനശാല ലൈബ്രേറിയന്‍ കൂടിയായ ജയന്‍ അവണൂര്‍ പറയുന്നു. പുസ്തകം തേടി പ്രതിദിനം നിരവധിയാളുകളെത്തുന്നുവെന്നും ഇപ്പോള്‍ കിട്ടാനില്ലെന്ന് തൃശൂരിലെ പ്രമുഖ പുസ്തകശാലയായ മിനര്‍വ ബുക്സ്റ്റാളിന്‍റെ ഉടമ ജോര്‍ജ്ജ് പറയുന്നു. 

തൃശൂര്‍ കറന്‍റ് ബുക്‌സ് ആണ് പുസ്തകം വിപണിയിലെത്തിച്ചിരിക്കുന്നത്. ഇപ്പോള്‍ ആവശ്യക്കാര്‍ ഏറിയിരിക്കുന്നുവെന്നും നിലവില്‍ അച്ചടിച്ച പ്രിന്‍റ് അപ്രതീക്ഷിതമായി തീര്‍ന്നതാണെന്നും അടുത്ത ദിവസം തന്നെ വിപണിയില്‍ പുസ്തകമെത്തുമെന്നും പ്രസാധകരായ കറന്‍റ്  ബുക്‌സ് പബ്‌ളിക്കേഷന്‍സ് മാനേജര്‍ കെ.ജെ. ജോണി പറഞ്ഞു. ആത്മകഥ എന്നാല്‍ ആത്മാവിഷ്‌കാരമല്ല മറിച്ച് തന്നില്‍ തിക്കുമുട്ടിയിരുന്ന അഗ്‌നിപര്‍വ്വതത്തിന്‍റെ സ്‌ഫോടനം ആണ്. അത് പല വിശ്വാസങ്ങളെയും വ്യക്തികളെയും സംവിധാനങ്ങളെയും വിമര്‍ശിക്കാനും വെറുക്കാനും ചിലപ്പോള്‍ സ്‌നേഹിക്കാനും വഴിവയ്ക്കും. അത്തരത്തിലുള്ളതാണ് നമ്പി നാരായണന്‍റെ ആത്മകഥയെന്ന് നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറയുന്നു. 

ചാരക്കഥകള്‍ വായിച്ച് ജനം രാജ്യദ്രോഹിയായി കണ്ട ഇന്ത്യയുടെ ആണവ, മിസൈല്‍ ബ്രെയിനുകള്‍ ഒരു പക്ഷേ അവര്‍ പോലും അറിയാതെ ഇരകള്‍ ആയ നാടകത്തിലെ വെറും കഥാപാത്രങ്ങള്‍ മാത്രമായിരുന്നു. വസ്തുതകളെ വര്‍ഷങ്ങള്‍ക്കിപ്പുറം അതേ കേസിലെ ആരോപിതനായ പ്രധാന വ്യക്തി ലോകത്തോട് വിളിച്ചു പറയുന്നതാണ് 'ഓര്‍മ്മകളുടെ ഭ്രമണപഥം' എന്ന ആത്മകഥ. 'നമ്പി നാരായണന്‍' എന്ന ശാസ്ത്രഞ്ജന്‍ തന്‍റെ ജീവിതത്തിലെ ആ കറുത്ത ഏടുകള്‍ ജനങ്ങളോട് വിളിച്ചു പറയുമ്പോള്‍ ഒരുകാലത്ത് അദ്ദേഹത്തെ തലങ്ങും വിലങ്ങും ആക്രമിച്ച ജനം മൂക്കത്ത് വിരല്‍ വയ്ക്കുന്ന കാഴ്ച പുസ്തകത്തിന്‍റെ മൂല്യം നിര്‍ണ്ണയിക്കുന്നു.
 

Follow Us:
Download App:
  • android
  • ios