സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് നിയമം ഭേദഗതി ചെയ്തു. ഇതിന് നന്ദിസൂചകമായി പടന്നയിലെ വി.എച്ച്.എസ്.എസ്. സ്കൂൾ മൈതാനത്ത് നൂറുകണക്കിന് വിദ്യാർത്ഥികൾ ചേർന്ന് 'നന്ദി' എന്ന കൂറ്റൻ അക്ഷരരൂപം തീർത്തു.

പടന്ന: രോഗശയ്യയിലും കലയെ നെഞ്ചിലേറ്റുന്ന സിയാ ഫാത്തിമ എന്ന പെൺകുട്ടിക്ക് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ നിയമങ്ങൾ ഭേദഗതി ചെയ്ത വിദ്യാഭ്യാസ വകുപ്പിനും സർക്കാരിനും വേറിട്ട രീതിയിൽ നന്ദി അറിയിച്ച് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ വി.എച്ച്.എസ്.എസ്. സ്കൂൾ മൈതാനത്ത് നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന് 'നന്ദി' എന്ന കൂറ്റൻ അക്ഷരമാല തീർത്താണ് തങ്ങളുടെ സഹപാഠിക്ക് ലഭിച്ച പുതുജീവിതത്തിന് അവർ കടപ്പാട് രേഖപ്പെടുത്തിയത്.

ശരീരത്തെ തളർത്തുന്ന കടുത്ത വേദനകൾക്കിടയിലും കലയെ ഉപാസിക്കുന്ന സിയയ്ക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. അവളുടെ ഈ അവസ്ഥ തിരിച്ചറിഞ്ഞ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കലോത്സവ ചട്ടങ്ങളിൽ ചരിത്രപരമായ ഭേദഗതി വരുത്തുകയായിരുന്നു. എച്ച്എസ് വിഭാഗം അറബിക് പോസ്റ്റർ രചനാ മത്സരത്തിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാൻ സിയയ്ക്ക് അവസരം നൽകി.

ചട്ടങ്ങൾക്കപ്പുറം ഒരു കുട്ടിയുടെ സ്വപ്നത്തിന് വിലകൽപ്പിച്ച മന്ത്രിയുടെ നടപടിയെ കലോത്സവ വേദിയിൽ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിനന്ദിച്ചിരുന്നു. പ്രിൻസിപ്പൽ എം.സി. ശിഹാബിന്റെ ആശയത്തിൽ വിരിഞ്ഞ ഈ വേറിട്ട സ്നേഹപ്രകടനത്തിന് ജുനൈദ് മെട്ടമ്മലാണ് മൈതാനത്ത് സംവിധാനമൊരുക്കിയത്. "അവളുടെ കണ്ണീരും സ്വപ്നവും കണ്ടില്ലെന്ന് നടിക്കാതെ മനുഷ്യത്വത്തിന് വിലകൽപ്പിച്ച ഈ നടപടി മാതൃകാപരമാണ്. ഇത് സിയയിലെ കലാകാരിക്ക് നൽകുന്നത് വലിയൊരു ഊർജ്ജമാണ്," - പ്രിൻസിപ്പൽ ഷിഹാബ് എം.സി പറഞ്ഞു.