കല്‍പ്പറ്റ: രഹസ്യവിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അതിര്‍ത്തി ചെക്പോസ്റ്റിലെ പരിശോധന കടുപ്പിച്ചതോടെ ലഹരിക്കടത്ത് സംഘം കൊണ്ടുവന്ന വസ്തുക്കള്‍ കാട്ടിലൊളിപ്പിച്ചു. വയനാട് മുത്തങ്ങ അതിര്‍ത്തിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ മുതല്‍ അതിര്‍ത്തിയില്‍ എക്സൈസ് വകുപ്പ് വാഹനങ്ങള്‍ കര്‍ശന പരിശോധന നടത്തുകയായിരുന്നു. 

ലഹരിമരുന്നുമായി എത്തിയ സംഘം കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട് പിന്‍വലിഞ്ഞു. തുടര്‍ന്ന് തകരപ്പാടിയിലെ വനത്തിലെ കുറ്റിക്കാട്ടില്‍ ഇവര്‍ കൊണ്ടുവന്ന സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ് ഗുളികകള്‍ ഒളിപ്പിച്ചു. പരിശോധനയില്‍ 308 ഗുളികകളാണ് കവറിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ ഇവിടെ നിന്ന് കണ്ടെടുത്തത്. 

എന്നാല്‍ ഗുളികകള്‍ കാട്ടിനുള്ളില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരവും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു തകരപ്പാടി ആര്‍.ടി.ഒ ചെക്പോസ്റ്റില്‍ നിന്ന് അല്‍പ്പം അകലെയായി റോഡില്‍ നിന്ന് മാറി കുറ്റിക്കാട്ടില്‍ പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഗുളികകള്‍ അഞ്ച് ഗ്രാം കൈവശം വയ്ക്കുന്നതുപോലും അഞ്ച് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്.