Asianet News MalayalamAsianet News Malayalam

കിടപ്പുരോ​ഗികൾക്ക് സഹായ ഉപകരണം ഉണ്ടാക്കി; പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദേശീയ അംഗീകാരം

കിടപ്പുരോ​ഗികളായി ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നവർക്ക്‌ പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാനും ചലിക്കാനും സഹായിക്കുന്ന ഉപകരണം എന്ന ആശയമാണ് സനത്‌ സൂര്യ യാഥാർത്ഥ്യമാക്കിയത്‌. ഒരേസമയം ബെഡും വീൽചെയറുമായി ഉപയോഗിക്കാവുന്ന ഉപകരണത്തിൽ ടോയ്‌ലറ്റ്‌, വാഷ്‌ബേസ്‌ എന്നീ സൗകര്യങ്ങളും ഉണ്ട്‌. 

narikuni govt higher secondary school class 10 student sanath surya gets national recognition vcd
Author
First Published Feb 2, 2023, 3:50 PM IST

കോഴിക്കോട്: നരിക്കുനി ഗവ. ഹയർസെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥി സനത്‌ സൂര്യക്ക്‌ ദേശീയതലത്തിൽ അംഗീകാരം. കേന്ദ്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ- മനാക്‌ പദ്ധതിയുടെ പുരസ്കാരത്തിനാണ് കേരളത്തിൽ നിന്ന് സനത്‌ സൂര്യ പരിഗണിക്കപ്പെട്ടത്‌. സർഗാത്മകവും ജനോപകാരപ്രദവുമായ നൂതനാശയങ്ങൾ സമർപ്പിക്കുന്ന 15 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് ഇൻസ്പയർ അവാർഡ്‌ നൽകി വരുന്നത്‌.

കിടപ്പുരോ​ഗികളായി ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നവർക്ക്‌ പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാനും ചലിക്കാനും സഹായിക്കുന്ന ഉപകരണം എന്ന ആശയമാണ് സനത്‌ സൂര്യ യാഥാർത്ഥ്യമാക്കിയത്‌. ഒരേസമയം ബെഡും വീൽചെയറുമായി ഉപയോഗിക്കാവുന്ന ഉപകരണത്തിൽ ടോയ്‌ലറ്റ്‌, വാഷ്‌ബേസ്‌ എന്നീ സൗകര്യങ്ങളും ഉണ്ട്‌. സെൻസർ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഉപകരണം ചലിപ്പിക്കാനും യാത്ര ചെയ്യാനും സാധിക്കും.

കിടപ്പുരോഗിയായ തന്റെ മുത്തശ്ശിയുടെ ദുരിതാവസ്ഥയാണ് ഇങ്ങനെ ഒരു ഉപകരണത്തിന്റെ ആവശ്യകതയെ കുറിച്ച്‌ ചിന്തിക്കാൻ പ്രേരണയായതെന്ന് സനത്‌ സൂര്യ പറഞ്ഞു. ബിസിനസുകാരനായ സജീവിന്റെയും പാലത്ത്‌ എ.എൽ.പി സ്കൂൾ അധ്യാപിക പ്രബിതയുടെയും മകനാണ് സനത്‌ സൂര്യ.

ശബ്ദനിയന്ത്രിത വീൽചെയർ നിർമ്മിച്ച് ദേശീയ മൽസരത്തിന് അർഹത നേടി അസിൻ ജോമോൻ

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും നവീനമായ ആശയങ്ങൾ രൂപീകരിച്ച് സാക്ഷാൽക്കരിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ചിരിക്കുന്ന ഇൻസ്പെയർ അവാർഡ്-മാനക്, സംസ്ഥാനതലത്തിൽ എറണാകുളത്ത് സംഘടിപ്പിച്ച പ്രദർശന മൽസരത്തിൽ എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി അസിൻ ജോമോൻ ശബ്ദനിയന്ത്രിത വീൽചെയർ നിർമ്മിച്ച് പ്രദർശിപ്പിച്ച് ദേശീയ മൽസരത്തിന് അർഹത നേടി. 85 കുട്ടികളാണ് സംസ്ഥാനതല മൽസരത്തിൽ പങ്കെടുത്തത്. 

അസിൻ ജോമോൻ അടക്കം 8 കുട്ടികൾ ദേശീയ മൽസരത്തിന് അർഹത നേടി. പ്രോഗ്രാം ചെയ്യാൻ കഴിയുന്ന ആഡ്വിനോ-യൂനോ ബോർഡുകൾ ഉപയോഗിച്ചാണ് വീൽചെയർ നിർമിച്ചത്. കോവിഡ് കാലത്ത് സെന്റ് അലോഷ്യസ് സ്കൂളിന്റെ നേതൃത്വത്തിൽ മൊബൈലിനെ സൃഷ്ടിപരമായി ഉപയോഗിക്കുന്നതിനുള്ള പരിശീലന പരിപാടിയായ സ്റ്റുഡന്റ് പ്രൂണറിൽ പങ്കെടുത്തതാണ് അസിൻ ജോമോന്റെ പ്രതിഭയെ തേച്ചുമിനുക്കിയത്. ഇതിലൂടെ വിവിധ മൊബൈൽ ആപ്ലിക്കേഷനുകളും കോഡിംഗും അഭ്യസിക്കുകയുണ്ടായി.തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾക്ക് പതിനായിരം രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുക. സ്കോളർഷിപ്പ് തുക ഉപയോഗിച്ചാണ് വീൽചെയർ നിർമിച്ചത്. കൊല്ലത്ത് ഡിസംബറിൽ നടന്ന ജില്ലാതല മത്സരത്തിൽ സംസ്ഥാന തലത്തിന് അർഹത നേടി. 

 

Follow Us:
Download App:
  • android
  • ios