അഞ്ച് വർഷം കാണാമറയത്ത്: ഒടുവിൽ കിലോമീറ്ററുകൾ താണ്ടി പ്രദീപിനായി ഉറ്റവർ കേരളത്തിലെത്തി, ആനന്ദക്കണ്ണീർ
എടവണ്ണ പൊലീസിന്റെയും നാട്ടുകാരുടെയും സ്‌നേഹവായ്പില്‍ പ്രദീപ് കുമാർ സുരക്ഷിതനായിരുന്നു

മലപ്പുറം: അഞ്ച് വർഷം മുമ്പ് കാണാതായ പ്രദീപിനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ. വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച പ്രദീപിനും സഹോദരനും സന്തോഷ കണ്ണീരിന്‍റെ നിമിഷങ്ങളായി. കൂടിച്ചേരലിന് വഴിയൊരുക്കിയത് എടവണ്ണ സ്വദേശികളും പൊലീസുമാണ്.
ഹരിയാന സ്വദേശിയാണ് പ്രദീപ് കുമാര്‍. മാനസിക വെല്ലുവിളി നേരിടുന്ന പ്രദീപ് കുമാറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഹരിയാന പൊലീസിൽ പരാതി നൽകിയിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും ഇദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല.
കഴിഞ്ഞ ദിവസമാണ് എടവണ്ണയിലെ പന്നിപ്പാറ ഭാഗത്ത് പ്രദീപ് കുമാറിനെ നാട്ടുകാർ കണ്ടത്. തുടർന്ന് എടവണ്ണ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഇദ്ദേഹത്തെ കാളികാവിലെ ഹിമ കെയർ ഹോമിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദീപ് കുമാറിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്.
എടവണ്ണ പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തിലും സ്‌നേഹവായ്പിലും പ്രദീപ് കുമാർ സുരക്ഷിതനായിരുന്നു. ഹരിയാനയിൽ നിന്ന് തീവണ്ടി മാർഗം പ്രദീപ് കേരളത്തിലെത്തിയാതാകാം എന്നാണ് കരുതുന്നത്. ഹരിയാനയില്‍ നിന്ന് സഹോദരനും സഹോദരന്റെ മകളും എത്തിയാണ് പ്രദീപ് കുമാറിനെ കൊണ്ടുപോയത്. ഹിമ കെയർ ഹോമിലെ അന്തേവാസികളും ജീവനക്കാരും എടവണ്ണ പൊലീസ് സ്റ്റേഷനിലെ ജീവനക്കാരും ചേർന്ന് പ്രദീപിനെ യാത്രയാക്കി.