ഇടുക്കി:  മഴ കനത്തതോടെ മുതിരപ്പുഴയാര്‍ കരകവിഞ്ഞതിന് പിന്നാലെ പ്രളയ ഭീതിയിലാണ് മൂന്നാര്‍. ഇതിനിടയിലാണ് മുതിരപ്പുഴയാറ്റിലെ കുത്തൊഴുക്കില്‍ മ്യതദേഹം ഒഴുകിയെത്തിയതായി സംശയം ഉയര്‍ന്നത്. മുതിരപ്പുഴയാറ്റിലെ നടവില്‍ കുന്നുകൂടിയ മണ്‍തിട്ടയിലാണ് മ്യതദേഹമെന്ന് തോന്നിക്കുന്ന വസ്തുവിനെ നാട്ടുകാര്‍ കണ്ടത്.

മൂന്നാര്‍ പോലീസിന്റെ  നേത്യത്വത്തില്‍ ഫയര്‍ ഫോഴ്‌സെത്തി ഇത് കരയ്‌ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മുതിരപ്പുഴയില്‍ കുത്തൊഴുക്ക് കൂടിയതോടെ മണ്‍തിട്ടയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. ഇതിനിടെ മൃതദേഹമെന്ന് തോന്നുന്ന വസ്തു വെള്ളത്തില്‍ ഒഴുകിപ്പോവുകയും ചെയ്തു. രണ്ട് പായകള്‍ ഉപയോഗിച്ച് പൊതിഞ്ഞനിലയില്‍ കണ്ടെത്തിയ വസ്തുവിന് ഏകദേശം ആറടി നിളമുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൂന്നാറില്‍ നിന്നും കാണാതാവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം. വെള്ളമൊഴുക്ക് ശക്തമായതിനാല്‍ സംശയംതോന്നിയ വസ്തു ഇനി കണ്ടെത്തുക ശ്രമകരമാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ മഴയാണ് മൂന്നാര്‍ ദേവികുളം മേഖലകളിലുള്ളത്. തോരാതെ പെയ്യുന്ന മഴയില്‍ മുതിരപ്പുഴയാറും കൈവഴികളും ഇതിനോടകം കരകവിഞ്ഞിട്ടുണ്ട്.

മുതിരപ്പുഴയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നിരവധി വീടുകളിലും കടകളിലും വെളളം കയറി. കഴിഞ്ഞ പ്രളയത്തിന് സമാനമായ രീതിയിലാണ് മൂന്നാറിലെ അവസ്ഥ. മുതിരപ്പുഴ കരകവിഞ്ഞതോടെ വെള്ളപ്പൊക്ക് സാധ്യത മുന്നില്‍ കണ്ട് മൂന്നാര്‍ ഹെഡ്വര്‍ക്‌സ് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്.