Asianet News MalayalamAsianet News Malayalam

ജലഅതോറിറ്റി സ്ഥാപിച്ച പമ്പ് ഉദ്ഘാടനത്തിന് എത്തിയ എംഎല്‍എയെ തടഞ്ഞ് നാട്ടുകാര്‍

കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാത്ത വാർഡ് മെമ്പറും, എം.എൽ.എയുമല്ല മറിച്ച് ജനങ്ങളുടെ ദുരിതം മനസിലാക്കി സ്ഥലത്ത് പുതിയ പമ്പ് സ്ഥാപിച്ച ജല അതോറിറ്റി ഉദ്യോഗസ്ഥരാണ്...

natives of kottukal stop MLA when he inaugurates drinking water project
Author
Thiruvananthapuram, First Published Dec 8, 2019, 10:56 AM IST

തിരുവനന്തപുരം: ഒരുവർഷമായി നീണ്ടുനിന്ന കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കാതെ ജല അതോറിറ്റിയുടെ ഇടപെടലിൽ സ്ഥാപിച്ച പമ്പ് ഉദ്‌ഘാടനം ചെയ്യാൻ എത്തിയെന്ന് ആരോപിച്ചു എം.എൽ.എയെ നാട്ടുകാരും ഇടതുപക്ഷ സംഘടന പ്രവർത്തകരും തടഞ്ഞു. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ മന്നോട്ടുകോണം, നന്നംകുഴി, അട്ടറമൂല മേഖലയിലെ നാനൂറോളം കുടുംബങ്ങളുടെ ഒരു വർഷത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാത്ത വാർഡ് മെമ്പറും, എം.എൽ.എയുമല്ല മറിച്ച് ജനങ്ങളുടെ ദുരിതം മനസിലാക്കി സ്ഥലത്ത് പുതിയ പമ്പ് സ്ഥാപിച്ച ജല അതോറിറ്റി ഉദ്യോഗസ്ഥരാണ് ഉദ്‌ഘാടന കർമ്മം നടത്തേണ്ടതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 

കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് സമീപിക്കുന്നവരോട് വാർഡ് മെമ്പറിന്റെ ഭാഗത്ത്‌ നിന്ന് പലപ്പോഴും മോശം പെരുമാറ്റമാണ് ഉണ്ടായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജല അതോറിറ്റിയുടെ ഫണ്ടിൽ നിന്ന് നാലു ലക്ഷം രൂപയോളം ചിലവാക്കിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് ജല അതോറിറ്റി കാഞ്ഞിരംകുളം അസിസ്റ്റന്റ് എഞ്ചിനിയർ പറഞ്ഞു. അതിനിടെ കഴിഞ്ഞ ദിവസം ചില സമൂഹ്യമാധ്യമ ഗ്രൂപ്പുകളിൽ പമ്പ് സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ച എം.വിൻസെന്‍റ് എം.എൽ.എ, മന്നോട്ടുകോണം വാർഡ് മെമ്പർ ബിനു. ആർ, പഞ്ചായത്ത് പ്രസിഡന്റ് സജി.ടി, പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ബിനു ടി.എസ്. ജില്ലാ മെമ്പർ എസ്.കെ പ്രീജ, ബ്ലോക്ക് മെമ്പർ എസ്.കെ പ്രീജ എന്നിവർക്ക് അഭിനന്ദനങ്ങൾ അറിയിച്ചുള്ള പോസ്റ്റർ കോണ്‍ഗ്രസ് പ്രവർത്തകർ പ്രചരിപ്പിച്ചതോടെയാണ് പ്രതിഷേധവുമായി നാട്ടുകാരും ഇടതുപക്ഷ സംഘടന പ്രവർത്തകരും രംഗത്തെത്തിയത്. 

ശനിയാഴ്ച രാവിലെ എട്ടരക്ക് ഉദ്ഘടനത്തിന് എത്തിയ എം.എൽ.യെ പ്രതിഷേധക്കാർ തടഞ്ഞു.  കൂവി വിളികളോടെയാണ് പ്രതിഷേധകാർ എം.എൽ.എയെ എതിരേറ്റത്. സ്ഥലത്ത് കോണ്‍ഗ്രസ് പ്രവർത്തകരും ഇടതുസംഘടന പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെ  പൊലീസ് കവലിലാണ് എം.എൽ.എ പുതിയതായി സ്ഥാപിച്ച പമ്പിന്റെ ഉദ്‌ഘാടനം നടത്തി മടങ്ങിയത്.  നാനൂറോളം കുടുംബങ്ങളുടെ ഒരു വർഷമായി തുടരുന്ന കുടിവെള്ള പ്രശ്നമാണ് ഇതോടെ പരിഹാരം കാണുന്നത്. 

മിനുട്ടിൽ 150 ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ ശേഷിയുള്ള പമ്പ് ആണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബർ ഏഴിന് നാട്ടിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജല അതോറിറ്റി നെയ്യാറ്റിൻകര എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ തടഞ്ഞു വച്ചിരുന്നു.  തുടർന്ന്  ഇരുപതുദിവസത്തിനുളിൽ അട്ടറമൂല പമ്പ് ഹൗസിൽ നിന്ന് പമ്പിങ് പുനർസ്ഥാപിക്കാൻ  വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയർ രേഖാമൂലം ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പമ്പ് സ്ഥാപിക്കാൻ വേണ്ട നടപടികൾ ദ്രുതഗതിയിൽ നടന്നതെന്ന് സി.പി.എം ഒരവർത്തകർ പറഞ്ഞു. 

എം. വിൻസെന്റ് എം.എൽ.എയുടെ നിരന്തര ഇടപെടലിലാണ് പദ്ധതി വേഗത്തിൽ നടപ്പിലായതെന്ന് കോണ്‍ഗ്രസ് പ്രവർത്തകരും അഭിപ്രായപ്പെട്ടു. ഉദ്‌ഘാടന ശേഷം ജല അതോറിറ്റി അധികൃതരെയും പമ്പ് സ്ഥാപിച്ച കരാറുകരനെയും എം.എൽ.എ അനുമോദിച്ചു. 2018 ഡിസംബറിലാണ് അട്ടറമൂല പമ്പ് ഹൗസിലെ പമ്പ് അറ്റകുറ്റപണികൾ ചെയ്യാൻ ഉയർത്തുന്നതിനിടെ കയർപൊട്ടി കുഴൽകിണറിന് ഉള്ളിൽ കുടുങ്ങിയത്. ഇതോടെ ഈ കുഴൽക്കിണർ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായി. 

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഭൂഗർഭ ജല അതോറിറ്റി സമീപത്ത് മറ്റൊരു കുഴൽക്കിണർ കുഴിച്ചെങ്കിലും അധികൃതരുടെ അനാസ്ഥയിൽ ഇതിൽ ഇറക്കേണ്ട പൈപ്പുകൾ എത്തിക്കാൻ ആഴ്ചകൾ വൈകിയത് കാരണം ഈ കുഴൽക്കിണർ മണ്ണിറങ്ങി മൂടിയതായി പ്രദേശവാസികൾ പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്ന ഭൂഗർഭ ജല അതോറിറ്റിയുടെ കുഴൽകിണർ കുഴിക്കുന്ന യന്ത്രം തടഞ്ഞു പ്രതിഷേധിച്ചു. തുടർന്നാണ് മറ്റൊരു കുഴൽക്കിണർ കുഴിക്കാൻ അധികൃതർ തയ്യാറായത്. മൂന്ന് മാസം മുൻപ് കുഴൽക്കിണർ കുഴിച്ചു പൈപ്പ് ഇറക്കിയെങ്കിലും പുതിയ പമ്പ് സ്ഥാപിച്ചു ജല വിതരണം പുനഃസ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.


 

Follow Us:
Download App:
  • android
  • ios