വഴിക്കടവ് ആനമറി വെള്ളക്കട്ട, പോത്തുകല്‍ വില്ലേജിലെ കവളപ്പാറ, പാതാര്‍, വാണിയം പുഴ കോളനി എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം.

മലപ്പുറം: ദുരന്തനിവാരണത്തിനായി നിലമ്പൂരിലെത്തിയ എന്‍ഡിആര്‍എഫ് സംഘം വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. കവളപ്പാറ, പാതാര്‍ ഉള്‍പ്പെടെ പോത്തുകല്‍, വഴിക്കടവ്, വില്ലേജ് പരിധികളില്‍ നേരത്തെ പ്രകൃതിക്ഷോഭങ്ങളുണ്ടായ സ്ഥലങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്. പ്രദേശങ്ങളിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും അപകടസാധ്യത പരിശോധിക്കാനുമായിരുന്നു സന്ദര്‍ശനം.

റവന്യൂ വകുപ്പ് ജനറല്‍ മോഹന്‍ രംഗന്റെ നേതൃത്വത്തിലുള്ള 18 അംഗ എന്‍ഡിആര്‍എഫ് സേനയും നിലമ്പൂര്‍ തഹസില്‍ദാര്‍ എ പി സിന്ധു, ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവുമാണ് വഴിക്കടവ്, പോത്തുകല്‍ വില്ലേജ് പരിധികളിലെ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.

വഴിക്കടവ് ആനമറി വെള്ളക്കട്ട, പോത്തുകല്‍ വില്ലേജിലെ കവളപ്പാറ, പാതാര്‍, വാണിയം പുഴ കോളനി എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം.
ഈ വര്‍ഷം മഴ നേരത്തെ ആരംഭിച്ച സാഹചര്യത്തിലാണ് നേരത്തെ തന്നെ എന്‍ ഡി ആര്‍ എഫ് സംഘം എത്തിയത്. പ്രകൃതിക്ഷോഭം മുന്നില്‍ കണ്ട് ക്യാമ്പുകള്‍ അടക്കം മുന്‍കൂട്ടി കണ്ടെത്താനുള്ള മുന്‍ ഒരുക്കങ്ങളും റവന്യൂ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 2018ലും 2019ലുമുണ്ടായ പ്രകൃതിക്ഷോഭങ്ങളിലായി 60ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പ്രദേശമെന്ന നിലയിലാണ് മുന്‍ ഒരുക്കങ്ങള്‍ തകൃതിയില്‍ നടന്നുവരുന്നത്. എല്ലാ മുന്‍ ഒരുക്കളും സ്വീകരിച്ചിട്ടുണ്ടെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ എ പി സിന്ധു പറഞ്ഞു.