കൽപ്പറ്റ: കിടത്തിച്ചികിത്സ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടും അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൽ രാത്രിയിൽ ചികിത്സിക്കാൻ ഡോക്ടറില്ല. തിരുനെല്ലി, പനവല്ലി, സർവാണി, അപ്പപ്പാറ, കോട്ടിയൂർ, ചേകാടി, അരംമംഗലം, അരണപ്പാറ, തോല്പെട്ടി എന്നിവിടങ്ങളിലുള്ളവരുടെ ഏക ആശ്രയമാണ് ഈ ആശുപത്രി. 

വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശങ്ങളിലുള്ളവർക്ക് രാത്രി സുഖമില്ലാതായാലോ അപകടങ്ങൾ സംഭവിച്ചാലോ മറ്റോ മറ്റുആശുപത്രികളിൽ ഓടിയെത്തുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാരണത്താൽ ഒ പിക്കുപുറമേ രാത്രിയിൽ ഒരു ഡോക്ടറുടെ സേവനംകൂടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 

രാത്രി സ്റ്റാഫ് നഴ്‌സും മറ്റുജീവനക്കാരുമാണ് ആശുപത്രിയിലുണ്ടാവുക. അതിനാൽ തന്നെ രാത്രിയെത്തുന്ന രോഗികളെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. എന്നാൽ രാത്രി രോഗിയേയും കൊണ്ട് ഈ പ്രദേശങ്ങളിൽനിന്ന്‌ മാനന്തവാടിയിലെത്താനാവാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു.

നിലവിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്‌ ആറുവരെയാണ് ഒ പി സമയം. എന്നാൽ, ഡോക്ടർമാർ അവധിയിൽ പോയതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ഒ പി സമയം മൂന്നുമണിവരെയാക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

അഞ്ചുഡോക്ടർമാരാണ് ആശുപത്രിയിലുണ്ടായിരുന്നത്. നാലുപേർ സ്ഥിരം നിയമനമാണ്. എൻ.എച്ച്.എമ്മിന്റെ ഒരു താത്കാലിക ഡോക്ടറുമുണ്ട്. നാലുപേരിൽ ഒരു ഡോക്ടർ സ്ഥലംമാറിപ്പോയി. ഒരു ഡോക്ടർ ജനുവരിവരെ അവധിയിലാണ്. താത്കാലിക ഡോക്ടർ നവംബർ 23 മുതൽ ഡിസംബർ ഒന്നുവരെ അവധിയിൽ ആയിരുന്നു.  ഫലത്തിൽ  രണ്ടുഡോക്ടർമാർ ആയതോടെ ഒ പി താത്കാലികമായി മൂന്നുമണിവരെ ആക്കിയതെന്ന ആശുപത്രി അധികൃതരുടെ വിശദീകരണമുണ്ടായിരുന്നു. എന്നാൽ ഡിസംബർ രണ്ടുമുതൽ ഒ പി രാവിലെ ഒമ്പതുമുതൽ ആറുവരെ പ്രവർത്തിക്കുന്നുണ്ട്.

അപ്പപ്പാറയിൽ നിന്ന് റഫർ ചെയ്താൽ തിരുനെല്ലിയിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് കിലോമീറ്ററുകളോളം വനത്തിലൂടെത്തന്നെ സഞ്ചരിച്ചുവേണം മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലേക്കെത്താൻ. റോഡിൽ ഭൂരിഭാഗം സ്ഥലങ്ങളിലും വൈകുന്നേരമായാൽ ആനശല്യം രൂക്ഷമാണ്.

ഇത് കാരണം രാത്രി രോഗികളെയുംകൊണ്ട് ആശുപത്രിയിൽ പോകാൻ വാഹനം പോലും കിട്ടാത്ത സാഹചര്യമുണ്ട്. ദിവസങ്ങൾക്കുമുമ്പ് രാത്രി തിരുനെല്ലി പൊലീസ് സ്റ്റേഷനുസമീപം ഓട്ടോറിക്ഷയ്ക്കുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായി. ഡ്രൈവർ പരിക്കുകളോടെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇരുട്ട് വീണാൽ ഇതുവഴി ചെറിയ വാഹനങ്ങളിലുള്ള യാത്ര ഭീതിതമാണെന്ന്  നാട്ടുകാർപറയുന്നു.