പത്തനംതിട്ട: അടൂരില്‍ അയൽവാസിയുടെ ആസിഡാക്രമണത്തിൽ യുവാവിന് ഗുരുതരപരിക്ക്. പള്ളിക്കൽ ഇളംപള്ളിൽ ചക്കൻചിറമലയിൽ ചരുവിള പുത്തൻവീട്ടിൽ അഭിലാഷിന്(25) നേരെയാണ് ആസിഡാക്രമണം ഉണ്ടായത്.   സംഭവത്തിൽ അയൽവാസിയായ ചിക്കന്‍ചിറമലയില്‍ വിദ്യാഭവനില്‍ വിശ്വംഭരനെ(44) അടൂര്‍ പൊലീസിസ് അറസ്റ്റ് ചെയ്തു.

മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അഭിലാഷിന്‍റെ സുഹൃത്തുക്കളും വിശ്വംഭരനും കുറച്ചുനാള്‍ മുമ്പ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യം തീര്‍ക്കാനാണ് ആക്രമണം നടത്തിയതെന്ന് പ്രതി മൊഴി നല്‍കി.

ബുധനാഴ്ച രാത്രി അഭിലാഷിന്‍റെ വീടിന് സമീപത്ത് കുപ്പിയില്‍ ആസിഡുമായി  ഒളിച്ചിരുന്ന വിശ്വംഭരന്‍  അഭിലാഷിന് നേരെ ഒഴിക്കുകയായിരുന്നു. മുഖത്തും കണ്ണിനും ശരീരത്തിന്‍റെ പലഭാഗത്തുമായി ആസിഡ് വീണ് അഭിലാഷിന് ഗുരുതര പരിക്കേറ്റു. അഭിലാഷിനെ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.