തിരുവനന്തപുരം വണ്ടിത്തടത്ത് വീട്ടിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച അയൽവാസിക്കും ദാരുണാന്ത്യം.

തിരുവനന്തപുരം: വണ്ടത്തടത്ത് വീട്ടില്‍ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാനെത്തിയ അയൽവാസിയും കുഴഞ്ഞു വീണു മരിച്ചു. വണ്ടിത്തടം കുരിശടിക്കു സമീപം ഇടറോഡിൽ സുരേഷും (44), സുരേഷിനെ ആംബുലന്‍സിലേക്ക് കയറ്റാനായി എത്തിയ അയല്‍വാസി അജിയും (52) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് സുരേഷ്. ഇന്നലെ വൈകിട്ട് വീട്ടിലെ ശുചിമുറിയില്‍ പോയ സുരേഷിനെ ഏറെ നേരം കഴി‍‍ഞ്ഞിട്ടും കാണാതായതോടെയാണ് ഭാര്യ അന്വേഷിച്ചെത്തിയത്. അപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രധാന റോഡിലേക്ക് എത്താന്‍ 150 മീറ്ററോളം ദൂരമുള്ളതിനാല്‍ അയല്‍വാസികള്‍ ചേര്‍ന്നാണ് സുരേഷിനെ ആംബുലന്‍സില്‍ എത്തിച്ചത്. ഇതിനിടെയാണ് സഹായത്തിനായെത്തിയ അജി കുഴഞ്ഞ് വീണത്. ഇരുവരെയും മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് തുടർനടപടി സ്വീകരിച്ചു.