തൃശൂര്‍: തൃശൂര്‍ ദേശമംഗലത്ത് കാട്ടുതീയിൽപ്പെട്ട് വനപാലകർ മരിച്ചതറിഞ്ഞ് കുഴഞ്ഞുവീണ അയൽവാസി മരിച്ചു. കൊടുമ്പ് സ്വദേശി അയ്യപ്പനാണ് മരിച്ചത്. കാട്ടുതീയിൽ പെട്ട് മൂന്ന് പേരാണ് ഇന്നലെ വെന്തുമരിച്ചത്. 

തൃശൂര്‍ ദേശമംഗലത്തിന് സമീപത്തുള്ള കൊറ്റമ്പത്തൂര്‍ വനമേഖലയിൽ ഇന്നലെ വൈകീട്ടോടെയാണ് കാട്ടുതീ പടര്‍ന്നത്. വടക്കാഞ്ചേരി റേഞ്ചിന് കീഴിലുള്ളതാണ് ഈ പ്രദേശം. തീ അണക്കാൻ ശ്രമിച്ച പൂങ്ങോട് ഫോറസ്റ്റ് ഓഫീസിലെ 10 അംഗ സംഘത്തിലെ മൂന്ന് പേർക്കാണ് അപകടം പറ്റിയത്. ഗുരുതരമായി പൊള്ളലേറ്റ വാഴച്ചാൽ ആദിവാസി കോളനിയിലെ താമസക്കാരൻ കൂടിയായ ട്രൈബൽ വാച്ചര്‍ കെവി ദിവാകരൻ. താൽക്കാലിക ഫയര്‍ വാച്ചര്‍മാരായ എരുമപ്പെട്ടി സ്വദേശി എംകെ വേലായുധൻ, കുമരനല്ലൂര്‍ സ്വദേശി വിഎ ശങ്കര്‍ എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടേയും മൃതദേഹങ്ങൾ തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അക്കേഷ്യ മരങ്ങൾ ഏറെയുള്ള പ്രദേശത്ത് ഉണങ്ങിയ ഇലകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ചുറ്റുപാടും തീ പടര്‍ന്ന് പിടിച്ചതോടെ വനപാലക സംഘം കാട്ടുതീയ്ക്കകത്ത് അകപ്പെടുകയായിരുന്നു.  പ്രദേശത്ത് വീണ്ടും കാട്ടുതീ ആശങ്ക ഉയര്‍ത്തുകയാണ്. വനമേഖലയിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതോടെ വീണ്ടും പരിശോധന നടത്താനാണ് വനപാലകരുടേയും ഫയര്‍ഫോഴ്സ് സംഘത്തിന്‍റെയും തീരുമാനം.