മേപ്പാടി കുന്നമ്പറ്റയിലെ എസ്റ്റേറ്റിൽ തൊഴിലാളിയായ ബിമലയാണ് മരിച്ചത്. എസ്റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

വയനാട്: വയനാട്ടിൽ (Wayanad) നേപ്പാൾ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് (Murder) സൂചന. മേപ്പാടി കുന്നമ്പറ്റയിലെ എസ്റ്റേറ്റിൽ തൊഴിലാളിയായ ബിമലയാണ് മരിച്ചത്. എസ്റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തലയിൽ അടിയേറ്റ മുറിവുണ്ടെന്ന് പൊലീസ് (Police) പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് സാലിവാൻ ജാഗിരിയെ മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ട് വർഷകാലമായി വയനാട്ടിലെ പല എസ്റ്റേറ്റുകളിലായി ജോലി ചെയ്ത് വരികയായിരുന്നു നേപ്പാൾ സ്വദേശി സലിവാൻ ജാഗിരിയും ഭാര്യ ബിമലയും. രണ്ട് ദിവസം മുൻപാണ് മേപ്പാടി കുന്നമ്പറ്റ നിർമ്മല കോഫി എസ്റ്റേറ്റിൽ ഇവർ കാപ്പി പറിക്കാനെത്തിയത്. എസ്റ്റേറ്റിലെ ഷെഡിലായിരുന്നു താമസം. ഇന്ന് രാവിലെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പുറത്തേക്ക് പോകാൻ നോക്കിയ സാലിവാനെ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവെച്ച് ഷെഡ് പരിശോധിച്ചപ്പോഴാണ് ബിമല മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് ഭര്‍ത്താവ് സാലിവാൻ ജാഗിരിയെ ചോദ്യം ചെയ്ത് വരികയാണ്.

പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരിച്ച ബിമലയുടെ നേപ്പാളിലെ ബഡുക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.