ഇടുക്കി: വാഗമണ്ണിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് മൊട്ടക്കുന്നുകള്‍. വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തിലെ ഗ്ലൈഡിംഗ് പോയിന്റ്, പൈന്‍മരക്കാടുകള്‍ എന്നിവയ്‌ക്കൊപ്പം തന്നെ മൊട്ടക്കുന്നും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മൊട്ടക്കുന്നിന്റെയും കോടമഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളാണ് ടൂറിസം വകുപ്പ് വാഗമണ്ണില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മികച്ച പ്രവേശന കവാടം, ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററും ടിക്കറ്റ് കൗണ്ടറും, കല്ലുപാകി വശങ്ങളില്‍ ചെടി നട്ട് മനോഹരമാക്കിയ നടപ്പാത,  സിറ്റിംഗ് ബെഞ്ചുകള്‍, ടോയ്‌ലറ്റ് ബ്ലോക്ക്, വിശ്രമമുറി, സെന്‍സര്‍ സംവിധാനമുള്ള എല്‍.ഇ.ഡി ലൈറ്റിംഗ്, വേയ്സ്റ്റ് ബിന്നുകള്‍, വിശാലമായ പാര്‍ക്കിംഗ് ഏരിയ തുടങ്ങി നിരവധി സൗകര്യങ്ങളാണ്  ഒരുക്കിയിരിക്കുന്നത്.  99 ലക്ഷത്തോളം രൂപയാണ് ടൂറിസം വകുപ്പ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സിയായ വാപ്‌കോസിനാണ് നിര്‍മ്മാണ ചുമതല. അവസാന ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. മൊട്ടക്കുന്നിന് സമീപമുള്ള തടാകത്തോട് ചേര്‍ന്ന് റോസ് ഗാര്‍ഡനും മൊട്ടക്കുന്നില്‍ കുട്ടികള്‍ക്കായി പാര്‍ക്കും സജ്ജീകരിക്കാന്‍ ഇതോടൊപ്പം ഉദ്ദേശിക്കുന്നുണ്ട്. മണ്‍സൂണ്‍ ടൂറിസം സീസണില്‍  പദ്ധതിയുടെ ഉദ്ഘാടനം നടത്താനാകുമെന്ന് ഡി റ്റി പി സി സെക്രട്ടറി ജയന്‍ പി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അഞ്ചരലക്ഷത്തോളം വിനോദ സഞ്ചാരികളാണ് വാഗമണ്‍ സന്ദര്‍ശിക്കാനെത്തിയത്. ഇതില്‍  ഒന്നര ലക്ഷത്തോളം പേര്‍ മണ്‍സൂണ്‍ സീസണിലാണ് എത്തിയത്. സന്ദര്‍ശകരുടെ ബാഹുല്യം കണക്കിലെടുത്ത് നിലവിലുള്ള ടോയ്‌ലറ്റ് ബ്ലോക്കിന് പുറമെ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് കൂടി നിര്‍മ്മിച്ചത്  സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനപ്രദമാകും.  ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. വാഗമണ്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് മൊട്ടക്കുന്നിന്റെ മേല്‍നോട്ടം വഹിക്കുന്നത്. മണ്‍സൂണ്‍ ടൂറിസത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ സന്ദര്‍ശകരെത്തുമെന്നാണു പ്രതീക്ഷ.