വയനാട്: പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമാണത്തില്‍ മുളയുടെ പങ്ക് നിർണായകമാകും. സംസ്ഥാനത്ത് മണ്ണിടിച്ചിലുണ്ടായ ഇടങ്ങളിലെല്ലാം മുളയുപയോഗിച്ചുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് സർക്കാർ. വയനാട്ടില്‍ മാത്രം ഒരുമാസത്തിനകം കാല്‍ലക്ഷം തൈകള്‍ നടാനാണ് തീരുമാനം. 

നദീതടത്തിലെ കരിങ്കല്‍ ഭിത്തികള്‍ വരെ തകർത്ത് പുഴ പരന്നൊഴുകിയത് കഴിഞ്ഞ രണ്ട് വർഷങ്ങളിലും കേരളം അനുഭവിച്ചറിഞ്ഞു. പുഴയോരങ്ങളിലും മറ്റും വന്മരങ്ങള്‍ നട്ടുപിടിപ്പിച്ച് കാത്തിരിക്കാന്‍ ഇനി സമയമില്ല. പകരം പരിഹാരമായി വിദഗ്‍ധരെല്ലാം ഒരേസ്വരത്തില്‍ പറയുന്നത് മുള നട്ടുപിടിപ്പിക്കാനാണ്.  

ഇന്ത്യയിലാകെ 136 ഇനം മുളകളുണ്ട്. ചിലയിനം മുളകള്‍ ഒരുദിവസം 35 ഇഞ്ചുവരെ വളരും. ലോകത്തിന്‍റെ പലയിടത്തും മണ്ണിടിച്ചില്‍ തടയാന്‍ മുള ഉപയോഗിച്ച് നടത്തിയിട്ടുള്ള പരീക്ഷണങ്ങള്‍ ഭൂരിഭാഗവും വിജയമാണ്. ഇതിന്‍റെ ചുവടുപിടിച്ച് സംസ്ഥാനത്ത് പ്രളയം ബാധിച്ച എല്ലാ ജില്ലകളിലും മുളയുപയോഗിച്ചുള്ള പദ്ധതികള് ആവിഷ്കരിക്കുകയാണ് സർക്കാർ. ആദ്യഘട്ടമായി വയനാട്ടില്‍ നടപ്പാക്കുന്ന പദ്ധതി മറ്റുജില്ലകളിലേക്കും  ഉടന്‍ വ്യാപിപ്പിക്കും. 

പരിസ്ഥിതി സംരക്ഷണത്തോടൊപ്പം കെട്ടിടനിർമാണത്തില്‍ കമ്പിക്ക് ബദലായും, വിവിധ ഉല്പ്പന്നങ്ങളായും മുളയെ മാറ്റാമെന്നതും നേട്ടമാണ്. മുളയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും വിവിധ പരിപാടികള്‍ വൈകാതെ ആസൂത്രണം ചെയ്യും. അതാത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ മുളയിനങ്ങള്‍ കണ്ടെത്തി വനംവകുപ്പിന്‍റെയും വിവിധ സംഘടനകളുടെയും സഹായത്തോടെ തൈകള്‍ വിതരണം ചെയ്യാനാണ് തീരുമാനം.