Asianet News MalayalamAsianet News Malayalam

അഭിമാന നേട്ടം, ഇനി വായിച്ച് വളരാം; പണിയ സമുദായത്തിന് മാത്രമായി ലൈബ്രറിയൊരുക്കി ഒരു കൂട്ടം വിദ്യാര്‍ഥികള്‍

കേരളത്തില്‍ തന്നെ ആദ്യമായി പൂര്‍ണമായും പണിയരുടെ നടത്തിപ്പില്‍ പ്രവര്‍ത്തനം തുടങ്ങിയ വായനശാലയുടെ പ്രസിഡന്റ് ഊരുമൂപ്പന്‍ ജി പാലനും, വൈസ് പ്രസിഡന്റ് എം അമ്പിളിയുമാണ്. വായനശാല സെക്രട്ടറിയും ഊരിലെ അംഗവുമായ റിബേക്ക മത്തായിയുടെ മനസില്‍ ഉടലെടുത്ത ആശയമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം യാഥാര്‍ഥ്യമായിരിക്കുന്നത്

new library starts in wayanad for paniyas
Author
Wayanad, First Published Nov 4, 2021, 8:13 AM IST

കല്‍പ്പറ്റ: കേരളത്തിലാദ്യമായി ആദിവാസി പണിയ സമുദായത്തിന് മാത്രമായി ലൈബ്രറിയൊരുക്കി ഒരു കൂട്ടം വിദ്യാര്‍ഥികള്‍. അമ്പുകുത്തിമലയടിവാരത്തിലെ മലവയല്‍ ഗോവിന്ദമൂല ഊരിലാണ് പണിയ വിഭാഗങ്ങള്‍ക്ക് അഭിമാനമായി കരിന്തണ്ടന്‍ സ്മരക വായനശാല സജ്ജമാക്കിയിരിക്കുന്നത്. കേരളത്തില്‍ തന്നെ ആദ്യമായി പൂര്‍ണമായും പണിയരുടെ നടത്തിപ്പില്‍ പ്രവര്‍ത്തനം തുടങ്ങിയ വായനശാലയുടെ പ്രസിഡന്റ് ഊരുമൂപ്പന്‍ ജി പാലനും, വൈസ് പ്രസിഡന്റ് എം അമ്പിളിയുമാണ്. വായനശാല സെക്രട്ടറിയും ഊരിലെ അംഗവുമായ റിബേക്ക മത്തായിയുടെ മനസില്‍ ഉടലെടുത്ത ആശയമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം യാഥാര്‍ഥ്യമായിരിക്കുന്നത്.

ലൈബ്രറി എന്ന ആശയം പ്രായോഗികമാക്കണമെന്ന കാര്യം ഊരുമൂപ്പന്‍ പാലനോടാണ് റിബേക്ക് ആദ്യം പങ്കുവെക്കുന്നത്. പുസ്തകങ്ങള്‍ വാങ്ങാനും കെട്ടിടമൊരുക്കാനുമുള്ള സാമ്പത്തികമായിരുന്നു പ്രധാന തടസം. കാര്യം എളുപ്പമല്ലെന്ന തോന്നലുണ്ടായെങ്കിലും റിബേക്ക ആഗ്രഹം കൈവിട്ടില്ല. തൃശൂർ വിമല കോളേജിലെ പഠനകാലത്ത് ലഭിച്ച സുഹൃത്തുക്കളോട് ഇക്കാര്യം പങ്കുവെച്ചതോടെ പലരും സഹായിക്കമെന്നേറ്റു. കൈറ്റ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകന്‍ കൂടിയായ തൃശൂരിലെ ആദം റഫീഖ് എന്ന സുഹൃത്ത് ഏതാനും പുസ്തകങ്ങള്‍ കൈമാറി.

കാര്യങ്ങള്‍ പുറത്തറിഞ്ഞതോടെ അയര്‍ലന്‍ഡ്, യുകെ., യുഎസ്എ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലുള്ള മലയാളികളും സഹായവുമായി എത്തി. ഫേസ്ബുക് വഴിയും വായനശാലയ്ക്ക് സഹായം കിട്ടി. കെട്ടിടമില്ലാത്തതിനാല്‍ ഊരുമൂപ്പന്‍ പാലന്റെ വീട്ടിലെ ഒരു മുറിയിലാണ് ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജി ബി രമ്യയാണ് ലൈബ്രേറിയന്‍. ഊരിലെ ഇരുപത് കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ലൈബ്രറി വലിയ മുതല്‍ക്കൂട്ടായി മാറും.

സ്വന്തം കെട്ടിടം കൂടി വരുന്നതോടെ മാസാവസാനങ്ങളിൽ ചര്‍ച്ചകളും സാംസ്‌കാരിക പരിപാടികളും നടത്താനാണ് റിബേക്കയുടെയും കൂട്ടുകാരുടെയും പദ്ധതി. ഗോത്ര കലാകാരന്‍ വിനു കിടച്ചൂളന്‍, പണിയ സമുദായത്തില്‍ നിന്നുള്ള ആദ്യ എംബിഎ ബിരുദധാരി മണികണ്ഠന്‍, ഗോത്ര കവയിത്രി സിന്ധു മാങ്ങണിയന്‍ തുടങ്ങിയവരുടെ പിന്തുണയും വായനശാലക്കുണ്ട്. ഗ്രന്ഥശാലയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പി കെ സത്താര്‍ നിര്‍വഹിച്ചു.

Follow Us:
Download App:
  • android
  • ios