കല്‍പ്പറ്റ: രണ്ടാഴ്ച മുമ്പ് ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡില്‍ പുല്ലുമുളച്ചു. പുല്‍പ്പള്ളിക്കടുത്ത മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡിലെ കരുമാംകുന്നേല്‍ കുളക്കാട്ടിക്കവല റോഡിലാണ് വ്യാപകമായി പുല്ല് വളര്‍ന്നിരിക്കുന്നത്. ടാറും കല്ലും ശരിയായ അളവില്‍ ചേര്‍ക്കാത്തതിനാല്‍ ടാറിംഗ് ഇളകിപോയിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. 600 മീറ്ററോളം പാതയില്‍ രണ്ടാഴ്ച മുമ്പാണ് ടാറിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഒരാഴ്ച പിന്നിട്ടതോടെ തന്നെ ടാറിംഗ് മുകളിലൂടെ പുല്ല് മുളച്ചു പൊങ്ങിയതായി പ്രദേശവാസികള്‍ പറഞ്ഞു. 

പതിനൊന്ന് ലക്ഷത്തോളം രൂപ ചെലവിലാണ് റോഡ് നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് ടാറിംഗ്  നടത്തിയിരിക്കുന്നത്. ഇതേ വാര്‍ഡിലെ ഇരുപ്പൂട് കോളനിക്ക് സമീപത്ത് പണി പൂര്‍ത്തിയാക്കിയ റോഡിന്റെ നിര്‍മാണത്തിലും അപാകതയുണ്ടെന്നാണ് ആരോപണം. 

നൂല്‍പ്പുഴ പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ പണി തീരന്ന റോഡുകളിലും സമാന പ്രശ്‌നങ്ങളുണ്ട്. പ്രാദേശിക റോഡുകളുടെ ഗുണഭോക്താക്കള്‍ കൂടുതല്‍ കര്‍ഷകരും കര്‍ഷകതൊഴിലാളികളുമായതിനാല്‍ അഴിമതി നടത്തിയാലും പരാതിയുണ്ടാകില്ലെന്നതാണ് കരാറുകാരുടെ ആശ്വാസം. ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്ത് റോഡുകളുടെയും നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ചില പൊതുപ്രവര്‍ത്തകരും ആരോപിച്ചു.