ചാരുംമൂട്: നിർമ്മാണം പൂർത്തിയായ ചുനക്കര തുണ്ടത്തിൽ കടവ്-പുലിമേൽബണ്ട് റോഡിന്‍റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം കനത്ത മഴയില്‍ തകർന്നു. കഴിഞ്ഞ ദിവസം പണി പൂര്‍ത്തിയായ സംരക്ഷണഭിത്തിയുടെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. 

ചുനക്കര, നൂറനാട് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിന്റെ നവീകരണം ഒരു വർഷക്കാലമായി നടന്നു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഫിഷറീസ് വകുപ്പ് അനുവദിച്ച ഒരു കോടി ആറ് ലക്ഷം രൂപ ചെലവിൽ  ബണ്ടിന്റെ ഇരുവശവും കരിങ്കല്ല് ഉപയോഗിച്ചുള്ള സംരക്ഷണഭിത്തിയുടെ നിർമ്മാണമാണ് പൂർത്തിയായത്. 

ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിനായിരുന്നു നിർമ്മാണച്ചുമതല. നിർമ്മാണം പൂർത്തിയായി ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് പഴയപാലത്തോടു ചേർന്നുള്ള പത്ത് മീറ്ററോളം ഭാഗം തകർന്നു വീണത്. നിർമ്മാണത്തിൽ അപാകതയും, അഴിമതിയും ആരോപിച്ച്‌ കോൺഗ്രസ്- ബിജെപി പ്രവർത്തകർ സ്ഥലത്ത് കൊടികുത്തി.

ആലപ്പുഴ നിന്നും ഹാർബർ എൻജിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എ.ആർ.ജീനയുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥർ തകർന്ന ഭാഗത്ത് പരിശോധന നടത്തി. രണ്ടുവർഷത്തെ സംരക്ഷണ കരാറുള്ളതിനാൽ ഈ കാലയളവിലുണ്ടാകുന്ന തകരാറുകൾ നിർമ്മാതാക്കൾ തന്നെ പരിഹരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തകർന്ന ഭാഗം വേഗത്തിൽ പുനർനിർമ്മിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.