പാലക്കാട്: റെയിൽവേ സ്റ്റേഷനുകൾ പ്ലാസ്റ്റിക് മുക്തമാക്കാനുളള പദ്ധതിക്ക് പാലക്കാട് റെയിൽവേ ഡിവിഷനിൽ തുടക്കമായി. പാലക്കാട് സ്റ്റേഷനിൽ സ്ഥാപിച്ച പ്ലാസ്റ്റിക് ക്രഷിംഗ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം ഡിവിഷണൽ മാനേജർ പ്രതാപ് സിംഗ് ഷമി നി‍ർവ്വഹിച്ചു. എല്ലാ സ്റ്റേഷനുകളിലും ഉടൻ തന്നെ ക്രഷിംഗ് യൂണിറ്റുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജയന്തിയോട് അനുബന്ധിച്ച ശുചിത്വ വാരാചരണത്തിന്റെ ഭാഗമായാണ് റെയിൽവേ സ്റ്റേഷനുകൾ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നത്. കുടിവെള്ള കുപ്പികൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് വസ്തുക്കൾ മെഷീനിൽ നിക്ഷേപിച്ചാൽ മിനിറ്റുകൾക്കകം പൊടിച്ചുകിട്ടും. പൊടിയാക്കിയ പ്ലാസ്റ്റിക് വസ്തുക്കൾ ബാഗുകളുൾപ്പെടെയുളളവയുടെ നിർമ്മാണത്തിനായി കൈമാറും. 

ദിവസവും പരമാവധി 5000 പ്ലാസ്റ്റിക് കുപ്പികൾ വരെ പൊടിക്കാൻ ശേഷിയുളള യൂണിറ്റുകളാണ് സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നത്. കുപ്പികൾ വലിച്ചെറിയാതെ പൊടിക്കാൻ നൽകണമെന്നാണ് യാത്രക്കാരോട് റെയിവേയുടെ അഭ്യർത്ഥന.

തിരുവന്തപുരം, പാലക്കാട് എന്നീ ഡിവിഷനുകൾക്ക് കീഴിലായി ആദ്യഘട്ടത്തിൽ പത്ത് യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. പ്ലാസ്റ്റിക്കിന് ബദൽ സംവിധാനമൊരുക്കുന്നതിനെ കുറിച്ച് റെയിൽവേയുടെ പ്രത്യേക സമിതി പഠിക്കുന്നുമുണ്ട്. ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ഡിവിഷന് കീഴിലെ മെമു ഉൾപ്പെടെ എല്ലാ ട്രെയിനുകളിലും ബയോ ടോയ്ലറ്റ് സംവിധാനം നിലവിൽ വന്നെന്നും അധികൃതർ അറിയിച്ചു.