പൊലീസ് കസ്റ്റഡിയിലുള്ള അനീഷ മൂന്ന് കൊല്ലം മുമ്പ് വീടിന് പിന്നിൽ കുഴിയെടുക്കുന്നത് കണ്ടിരുന്നു എന്നാണ് അയല്‍വാസിയുടെ വെളിപ്പെടുത്തല്‍.
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കൾ കൊന്നുകുഴിച്ചിട്ട സംഭവത്തിൽ അയൽവാസിയുടെ നിർണായക വെളിപ്പെടുത്തൽ. പൊലീസ് കസ്റ്റഡിയിലുള്ള അനീഷ മൂന്ന് കൊല്ലം മുമ്പ് വീടിന് പിന്നിൽ കുഴിയെടുക്കുന്നത് കണ്ടിരുന്നു എന്നാണ് അയല്‍വാസി ഗിരിജയുടെ വെളിപ്പെടുത്തല്‍. അനീഷ ആദ്യത്തെ കുഞ്ഞിന് പ്രസവിച്ചെന്ന് പറയപ്പെടുന്ന സമയത്തായിരുന്നു സംഭവം. വീടിന് പിന്നിൽ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുക്കുന്നതും അതിനുശേഷം ഒരു ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നതും കണ്ടു എന്നാണ് ഗിരിജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
ഇക്കാര്യങ്ങൾ താനാണ് നാട്ടിൽ പറഞ്ഞ് പരത്തിയതെന്ന് കാണിച്ച് അനീഷയുടെ സഹോദരൻ അനീഷ് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ഗിരിജ പറയുന്നു. പിന്നാലെ വെള്ളികുളങ്ങര പൊലീസ് തന്നെ വിളിപ്പിച്ചു. താനല്ല പറഞ്ഞതെന്ന് പറഞ്ഞപ്പോൾ പൊലീസ് വിട്ടയച്ചു. ഇനി ഇതുപോലെ ഉണ്ടായാൽ ഫോണിൽ വീഡിയോ എടുത്ത് സ്റ്റേഷനിലേക്ക് വരാനും പൊലീസ് പറഞ്ഞെന്ന് അനീഷയുടെ അയൽവാസി ഗിരിജ പറയുന്നു. അനീഷ ഗർഭിണിയായ വിവരം നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. അനീഷയുടെ അമ്മ തന്നെയാണ് ഇത് സംഘത്തിൽ പറഞ്ഞതെന്നും ഗിരിജ പറയുന്നു. ആദ്യത്തെ കുഞ്ഞിന്‍റെ മരണത്തിലാണ് നിർണായക വിളപ്പെടുത്തൽ. ഗിരിജയുടെ സാക്ഷിമൊഴി റൂറൽ എസ്പി ബി കൃഷ്ണകുമാറും സ്ഥിരീകരിച്ചു. ഗിരിജയുടെ വീട്ടിൽ പൊലീസെത്തി മൊഴിയെടുത്തിട്ടുണ്ട്.
വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്‍റെ അവശിഷ്ഠങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയത് ഇന്നലെ രാത്രിയാണ്. തനിക്ക് പെൺസുഹൃത്തിൽ ഉണ്ടായ കുട്ടികളുടേതാണ് അസ്ഥി എന്നായിരുന്നു യുവാവിന്‍റെ വെളിപ്പെടുത്തൽ. യുവാവിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഭവിയെയും അനീഷ എന്ന യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നവജാതശിശുക്കളിൽ ഒരു കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് റൂറൽ എസ് പി കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചത് ഇങ്ങനെ: 2020 മുതൽ ഫേസ്ബുക്കിലൂടെയാണ് അനീഷയും ഭാവിയും പരിചയപ്പെടുന്നതും ബന്ധത്തിലാകുന്നതും. അനീഷ ലാബ് ടെക്നീഷ്യയാണ്. ട്രസ് വര്‍ക്ക് ജോലി ചെയ്യുന്നയാളാണ് ഭവി. വീട്ടുകാരറിയാതെയാണ് അനീഷ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും. ആദ്യത്തെ കുട്ടി പൊക്കിള്‍കൊടി കഴുത്തിൽ കുരുങ്ങി, വയറ്റിനുള്ളിൽ വെച്ച് തന്നെ മരിച്ചെന്നാണ് പെണ്‍കുട്ടി നൽകുന്ന മൊഴി. കുഞ്ഞിനെ വീടിനടുത്ത് തന്നെ കുഴിച്ചുമൂടി. തുടര്‍ന്ന് ഇവര്‍ രണ്ടാമതും ഗര്‍ഭം ധരിക്കുന്നു. വീട്ടുകാരറിയാതെ പ്രസവിച്ചു. പിന്നീട് കുഞ്ഞ് കരഞ്ഞപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം അനീഷ യുവാവിയെ ഏൽപിക്കുകയും അയാൾ കുഴിച്ചിടുകയും ചെയ്തു. അതിന് ശേഷം ഇവരുടെ അടുപ്പത്തിൽ പ്രശ്നങ്ങളുണ്ടായി. അനീഷ മറ്റൊരു വിവാഹം കഴിക്കുമോ എന്ന സംശയത്തിൽ ഇവര്‍ തമ്മിൽ വഴക്കുണ്ടായി. കൂടാതെ യുവതിക്ക് മറ്റൊരു ഫോണ്‍ ഉള്ളതായി ഭവി കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഭവി അസ്ഥികളുമായി ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തുന്നതും പൊലീസിനെ കാര്യങ്ങള്‍ അറിയിക്കുന്നതും. കുഞ്ഞിന്‍റെ ശാപമുണ്ടാകാതിരിക്കാൻ മരണാനന്തര ക്രിയ നടത്താൻ വേണ്ടിയാണ് അസ്ഥികള്‍ സൂക്ഷിച്ചുവെച്ചത് എന്നാണ് പ്രതികളുടെ മൊഴി.

