തിരുവനന്തപുരം: ലക്ഷങ്ങൾ മുടക്കി ടാറിങ് നടത്തി ഒരു ദിവസം പിന്നിടുന്നതിന് മുമ്പേ റോഡ് പൊട്ടിപ്പൊളിഞ്ഞു. തിരുവനന്തപുരത്തെ രാജീവ്‌ നഗർ ശംഖുമുഖം റോഡിലാണ് ടാറിംഗ് എന്ന പേരിൽ പ്രഹസനം നടത്തിയത്.

മൂന്നുറിലധികം കുടുംബങ്ങളുടെ സഞ്ചാരപാതയാണ് ടാറിംഗിന് തൊട്ടുപിന്നാലെ പൊട്ടിപ്പൊളിഞ്ഞത്. നിർമ്മാണം പൂർത്തിയായ റോഡിൽ ടാർ കാണാനേ ഇല്ല. വീപ്പയിൽ ടാറെന്ന് തോന്നുന്ന മിശ്രിതം മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയാണ് ടാറിങ് നടത്തിയത്. പാളികളായി ഇളക്കിയെടുക്കാമെന്ന് നിലയിലാണ് റോഡ് ഇപ്പോഴുള്ളത്.

ശരിയായ അളവിൽ ടാർ ഉപയോഗിക്കാത്തതാണ് റോഡ് തകരാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ടാറില്‍ മണ്ണിന്‍റെ അംശമുള്ളപ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.