കോഴിക്കോട്: രാമനാട്ടുകരയില്‍ ദേശീയപാതയില്‍  വാഹനാപകടത്തില്‍ വേങ്ങര സ്വദേശികളായ നവ ദമ്പതികള്‍ മരിച്ച ഞെട്ടലില്‍ നാട്. വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25), ഭാര്യ ചേലേമ്പ്ര പുല്ലിപറമ്പ് ഫാത്തിമ ജുമാന(19) എന്നിവരാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് വെറും പത്ത് ദിവസം മാത്രം കഴിയുമ്പോഴാണ് മരണവാര്‍ത്തയെത്തുന്നത്. വിവാഹമോടി മാറും മുമ്പേ മക്കളുടെ മരണം ഇരുകുടുംബങ്ങളെയും തകര്‍ത്തു. 

കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപം ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് ബുള്ളറ്റില്‍ പോവുകയായിരുന്നു ഇരുവരും. എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയില്‍ ഇവരുടെ ബുള്ളറ്റ് അപകടത്തില്‍പ്പെട്ടു. പത്ത് ദിവസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ചേലേമ്പ്ര ഇളന്നുമ്മല്‍ കുറ്റിയില്‍ അബ്ദുല്‍ നാസറിന്റെയും ഷഹര്‍ബാനയുടെയും മകളാണ് ഫാത്തിമ ജുമാന.