ആലപ്പുഴയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മൂവാറ്റുപുഴയിൽ ദന്തൽ ടെക്നീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു ആസിയ
ആലപ്പുഴ: ആലപ്പുഴയിൽ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 22 കാരിയായ ആസിയ ആണ് മരിച്ചത്. നാല് മാസം മുമ്പായിരുന്നു ആസിയയുടെ വിവാഹം. മൂവാറ്റുപുഴയിൽ ദന്തൽ ടെക്നീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു ആസിയ. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് രാത്രിയാണ് സംഭവം. മൂവാറ്റുപുഴയിൽ ദന്തൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ആസിയ മൂവാറ്റുപുഴയിൽ തന്നെയാണ് താമസിക്കുന്നത്. ആഴ്ചയിലൊരിക്കൽ മാത്രമാണ് ആസിയ ആലപ്പുഴയിലെ ഭർതൃവീട്ടിലേക്ക് വരുന്നത്. ഇന്ന് വൈകിട്ട് ഭർത്താവും വീട്ടിലുള്ളവരും പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് ആസിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടനെ തന്നെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാല് മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് ആലപ്പുഴയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. മരണകാരണം എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.