അമ്പലപ്പുഴ: പത്രത്താളുകളിലെ അറിവുകൾ ലോക്ക്ഡൗൺ കാലത്ത് ബുക്കുകളാക്കി മാറ്റി അച്ഛനും മകളും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 9-ാം വാർഡ് കഞ്ഞിപ്പാടം തെക്കേ വിരുത്തുവേലി ജോളപ്പനാ (49) ണ് ഈ ലോക്ക്ഡൗൺ കാലം അറിവിന്റെ ലോകമാക്കി മാറ്റുന്നത്. 

കൂലിപ്പണിക്കാരനായ ഇദ്ദേഹം 2000 മുതലാണ് പത്രത്തിലെ പ്രധാന വാർത്തകളും ചിത്രങ്ങളും മറ്റു കുറിപ്പുകളും ശേഖരിക്കാൻ തുsങ്ങിയത്. ഈ രീതിയിൽ ശേഖരിച്ച കുറേ പത്രത്താളുകൾ കഴിഞ്ഞ പ്രളയകാലത്ത് നഷ്ടപ്പെട്ടു. ഇത്തവണ ലോക്ക്ഡൗൺ മൂലം ജോലിക്കു പോകാൻ കഴിയാതെ വന്നതോടെയാണ് ശേഖരിച്ച പത്രത്താളിലെ അറിവുകൾ ബുക്കാക്കി മാറ്റാൻ തീരുമാനിച്ചത്. 

സിനിമ, രാഷ്ട്രീയം, ശാസ്ത്രം, ഭരണം, കല, സാംസ്ക്കാരികം, ചിത്രങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഇനം തിരിച്ചാണ് ഇദ്ദേഹം ബുക്കാക്കി മാറ്റുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളടക്കം റഫറൻസായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ബുക്ക് നിർമിക്കുന്നത്. സഹായിയായി അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ മകൾ ഏയ്ഞ്ചലുമുണ്ട്.