കേരളത്തിലെ ഈ അതിമനോഹര കാഴ്ച 'മുറിച്ച്' മാറ്റുന്നു! പരാതി എത്തി, കേന്ദ്രമന്ത്രിയുടെ തീരുമാനം എന്താകും?
തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള സേവ് വെറ്റ്‌ലാൻഡ്‌സ് ഇന്റർനാഷനൽ മൂവ്‌മെന്റ് (സ്വിം) എന്ന സംഘടനയാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് പരാതി നൽകിയത്

മലപ്പുറം: കാഴ്ചകളുടെ ട്രെയിൻ യാത്രക്ക് ഏറെ പേരുകേട്ട ഷൊർണൂർ-നിലമ്പൂർ പാതയിലെ ഹരിത ഭംഗികൾക്ക് വിരാമാവുന്നു. വൈദ്യുതീകരണഭാഗമായി പാളങ്ങൾക്ക് ഇരുവശത്തുമുള്ള മരങ്ങളിൽ 80 ശതമാനവും മുറിച്ചുമാറ്റുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ഈ നീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരിക്കുയാണ് തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള സേവ് വെറ്റ്‌ലാൻഡ്‌സ് ഇന്റർനാഷനൽ മൂവ്‌മെന്റ് (സ്വിം) എന്ന സംഘടന. പാതയുടെ സൗന്ദര്യം നശിപ്പിക്കുന്ന നടപടിക്കു പകരം ബദൽമാർഗങ്ങൾ കണ്ടെത്തണമെന്നാണ് സംഘടനയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ തോമസ് ലോറൻസ് അയച്ച കത്തിൽ പറയുന്നത്.
പച്ചപ്പ് നിറഞ്ഞുതിങ്ങിനിൽക്കുന്ന തേക്കിൻകാടുകൾക്കു നടുവിലൂടെ കൂകിപ്പായുന്ന തീവണ്ടി യാത്രകൾ ഇന്നും യാത്രികർക്ക് ഒരു ഹരമാണ്. കേരളത്തിൽ മറ്റെവിടെയുമില്ലാത്ത കാഴ്ച വിസ്മയങ്ങളാണ് ഈ പാതയിൽ യാത്രക്കാർക്കായി കത്തുനിൽക്കുന്നത്. എന്നാൽ വൈദ്യുതീകരണഭാഗമായി പാളങ്ങൾക്ക് ഇരുവശത്തുമുള്ള മരങ്ങളിൽ 80 ശതമാനവും മുറിച്ചുമാറ്റുന്ന പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പദ്ധതിപ്രകാരം 5,000 മരങ്ങളാണ് പൂർണമായി മുറിക്കുകയോ വലിയ ശാഖകൾ മാത്രമായി മുറിച്ചുമാറ്റുകയോ ചെയ്യേണ്ടതെന്ന് റെയിൽവേ അധികൃതർ പറയുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വൻപ്രതിഷേധം നടന്നിരുന്നുവെങ്കിലും കണ്ടില്ലെന്ന ഭാവമാണ് അധികൃതർക്ക്.
നിലവിൽ ഡിസൽ തീവണ്ടികൾ മാത്രമാണ് ഇവിടെ സർവീസ് നടത്തുന്നത്. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ റെയിൽവേക്ക് സമ്പത്തിക ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 40 ശതമാനത്തോളം ഇന്ധന ചെലവ് കുറക്കാനാവും. സ്ഥിരം യാത്രക്കാരുള്ള പാതയിൽ മെമു ഉൾപ്പെടെ കൂടുതൽ തീവണ്ടികൾ ഓടിക്കാനും ആലോചനയുണ്ട്. ഇപ്പോൾ എഴു തീവണ്ടികളാണ് പാതയിൽ ഓടുന്നത്. കൂടാതെ മൈസൂർ - നഞ്ചങ്കോട് പാത പദ്ധതി പരിഗണനയിലിരിക്കേ വൈദ്യുതീകരണം പൂർത്തിയാകുന്നത് പദ്ധതിക്ക് ഗുണംചെയ്യുമെന്നാണ് റെയിൽവേയുടെ കണക്ക് കൂട്ടൽ.
മരങ്ങൾ മുറിച്ച് സൗകര്യമൊരുക്കുകയല്ലാതെ റെയിൽവേക്ക് മറ്റു മാർഗങ്ങളില്ല. മരങ്ങൾ മുറിച്ചശേഷം 930 വൈദ്യുത തൂണുകളാണ് പാതയിൽ സ്ഥാപിക്കേണ്ടത്. മരങ്ങൾ മുറിച്ചഭാഗത്ത് ഇവ സ്ഥാപിച്ചുതുടങ്ങി. ഇതിനുപുറമെ മേലാറ്റൂരിൽ സബ് സ്റ്റേഷൻ നിർമിക്കുന്നതിനായും മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്. പൂവാകയുടെ ചുവന്നപൂക്കൾ പരവതാനിവിരിച്ച് വീണുകിടക്കുന്ന മേലാറ്റൂർ റെയിൽവേ സ്റ്റേഷന്റെ ഭംഗിയും മരങ്ങൾ പോയതോടെ നഷ്ടമായി. ഈ പാതയോരത്ത് മരങ്ങൾ വച്ചുപിടിപ്പിക്കാൻ നിലവിൽ റെയിൽവേക്ക് പദ്ധതിയില്ല. വൈദ്യുതീകരണം പൂർത്തിയായശേഷമേ അത്തരം കാര്യങ്ങൾ ആലോചിക്കൂവെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. 2024 മാർച്ച് മാസത്തോടെ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം