വിനോദസഞ്ചാരികളായ അമ്മയെയും കുട്ടിയെയും കാട്ടുപോത്ത് ആക്രമിച്ചതിന് പിന്നാലെ 20 ദിവസം മുന്‍പ് അടച്ചുപൂട്ടിയ കക്കയം വിനോദ സഞ്ചാര കേന്ദ്രം തുറക്കാന്‍ ഇനിയും നടപടിയായില്ല.

കോഴിക്കോട്: വിനോദസഞ്ചാരികളായ അമ്മയെയും കുട്ടിയെയും കാട്ടുപോത്ത് ആക്രമിച്ചതിന് പിന്നാലെ 20 ദിവസം മുന്‍പ് അടച്ചുപൂട്ടിയ കക്കയം വിനോദ സഞ്ചാര കേന്ദ്രം തുറക്കാന്‍ ഇനിയും നടപടിയായില്ല. കെ എസ് ഇ.ബിയും, വനം വകുപ്പ് അധികൃതരും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ശീതസമരമാണ് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് ആരോപണം. കാട്ടുപോത്തിന്റെ ആക്രമണം സുവര്‍ണാവസരമാക്കി കക്കയം അങ്ങനെ അടച്ചിടുകയാണ് അധികൃതര്‍.

കഴിഞ്ഞ ജനുവരി ഇരുപതിനാണ് കക്കയം ഹൈഡല്‍ ടൂറിസം കേന്ദ്രത്തില്‍ സന്ദര്‍ശനത്തിനായെത്തിയ എറണാകുളം സ്വദേശിനിയായ യുവതിയെയും കുഞ്ഞിനെയും അപ്രതീക്ഷിതമായെത്തിയ കാട്ടുപോത്ത് ആക്രമിച്ചത്. കാട്ടുപോത്തിനെ വീണ്ടും ഈ പരിസരങ്ങളില്‍ കാണപ്പെട്ടതിനാല്‍ സന്ദര്‍ശക പ്രവേശനം നിരോധിക്കുകയായിരുന്നു. അതേസമയം അപകട സാധ്യതകള്‍ എല്ലാം മാറി ആഴ്ചകള്‍ പിന്നിട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തത് വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഭാവിയെ തന്നെ അനിശ്ചിതത്വത്തിലാക്കുകയാണ്.

കെ എസ് ഇ ബി ഹൈഡല്‍ ടൂറിസം അധികൃതരും ഇക്കോ ടൂറിസം സെന്ററിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ശീതസമരമാണ് പ്രതിസന്ധിക്ക് കാരണമായത്. വനമേഖലയിലേക്ക് പ്രവേശിക്കുമ്പോള്‍ വനംവകുപ്പിന്റെ വകയായി 40 രൂപയുടെ ടിക്കറ്റ് എടുക്കണം. ഹൈഡല്‍ ടൂറിസ്ററ് കേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ 20 രൂപയുടെ ടിക്കറ്റാണ് എടുക്കേണ്ടത്. രണ്ട് വീതം ടിക്കറ്റുകള്‍ എടുക്കുന്നുണ്ടെങ്കിലും യാത്രക്കാര്‍ക്ക് ഇതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളോ ആവശ്യമായ സുരക്ഷയോ ലഭിക്കുന്നില്ലെന്ന പരാതിയും നിലവിലുണ്ട്.

മലബാറിലെ തന്നെ സ്പീഡ്ബോട്ട് യാത്രാ സൗകര്യമുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് കക്കയം. യാത്രക്കാരുടെ വരവ് നിലച്ചതോടെ ഇവിടുത്തെ 19 താല്‍ക്കാലിക ജീവനക്കാരുടെ വരുമാനവും നിലച്ചിരിക്കുകയാണ്. ഹോട്ടലുകളെയും കച്ചവട സ്ഥാപനങ്ങളെയും സഞ്ചാരികളുടെ അസാനിധ്യം ബാധിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കാത്തതിനെതിരെയും പരാതി ഉയരുന്നുണ്ട്.

പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര പിഴവുകള്‍; 150 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം