തൊടുപുഴ: നിർമാണം പൂ‍ർത്തിയായി മൂന്ന് വ‍ർഷമായിട്ടും അപ്രോച്ച് റോഡില്ലാത്തിനാൽ നോക്കുകുത്തിയായി തൊടുപുഴ മാരികലുങ്ക് പാലം. ആറരക്കോടി രൂപ ചെലവിട്ട് നിർമിച്ച പാലമാണ് അധികൃതരുടെ അനാസ്ഥ നിമിത്തം നാട്ടുകാർക്ക് പ്രയോജനമില്ലാതെ നശിക്കുന്നത്.

തൊടുപുഴ കാഞ്ഞിരമറ്റംകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു എളുപ്പത്തിൽ നഗരത്തിലെത്താൻ തൊടുപുഴയാറിന് കുറുകെ ഒരു പാലം. 
സമ്മർദ്ദം രൂക്ഷമായപ്പോൾ പൊതുമരാമത്ത് വകുപ്പ് നാട്ടുകാർക്ക് പാലം പണിത് നൽകി. പക്ഷേ അപ്രോച്ച് റോഡ് പണിതില്ല. ഇതോടെ ആറരക്കോടി ചെലവിട്ട് നിർമിച്ച പാലം മൂന്ന് വർഷത്തിലധികമായി നടപ്പാലമാണ്. 

അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കാതെ പാലം പണിതതാണ് പ്രതിസന്ധിക്ക് കാരണം. തൊടുപുഴ നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ കൂടിയാണ് മാരിക്കലുങ്കിൽ പാലം പണിതത്. ഇതിനായി പുഴയിലേക്കിറങ്ങാൻ നിർമിച്ച പടിക്കെട്ടുക്കൾ തകർത്തു. ഇതോടെ മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ടാവുന്ന സ്ഥിതിയാണുള്ളത്.

മാരിക്കലുങ്കിൽ നിന്ന് പാലത്തിലേക്കുള്ള ഭൂമി ഏറ്റെടുത്തതാണ്. എന്നാൽ കാഞ്ഞിരമറ്റം ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിനായി സ്വകാര്യ വ്യക്തികൾ ഭൂമി കൈമാറിയിട്ടില്ല. റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് നൽകിയാൽ ഉടൻ പണി പൂ‍ർത്തിയാക്കാമെന്ന നിലപാടിലാണ്.