മറ്റൊരു മോഷണ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗണ്‍ പൊലീസ് വിവരങ്ങള്‍ തേടിയപ്പോഴാണ് തന്‍റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന കാര്യം പ്രമോദ് അറിഞ്ഞത്.
കോഴിക്കോട് : മോഷണ പരാതി നല്‍കി ഒന്നര വര്‍ഷമായിട്ടും പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം. കോഴിക്കോട് താമരശേരി സ്വദേശിയും സ്വര്‍ണപ്പണിക്കാരനുമായ പ്രമോദാണ് താമരശേരി പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മറ്റൊരു മോഷണ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗണ്‍ പൊലീസ് വിവരങ്ങള്‍ തേടിയപ്പോഴാണ് തന്‍റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന കാര്യം പ്രമോദ് അറിഞ്ഞത്.
തന്‍റെ കടയില്‍ നിന്ന് 38 ഗ്രാം സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ 2022 മെയ് 30നായിരുന്നു പ്രമോദ് താമരശേരി പൊലീസില്‍ പരാതി നല്‍കിയത്. ചെമ്പ് തകിട് വാങ്ങാനെന്ന പേരിലെത്തിയ ആള്‍ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. അന്നു തന്നെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം സ്റ്റേഷനിലെത്തി പരാതി നല്‍കി. രണ്ടു ദിവസത്തിനകം പൊലീസ് കടയിലെത്തി പ്രാഥമിക പരിശോധനകളും മറ്റും നടത്തുകയും ചെയ്തു. പിന്നീട് ഒന്നുമുണ്ടായില്ല. അടുത്തിടെ പ്രമോദിന്‍റെ സുഹൃത്തും കോഴിക്കോട് പാളയത്തെ സ്വര്‍ണപണിക്കാരനുമായ സത്യന്‍റെ കടയില്‍ സമാനമായ രീതിയില്‍ മോഷണം നടന്നു.
തന്‍റെ അനുഭവം പ്രമോദ് സുഹൃത്തിനോട് പറയുകയും ചെയ്തു. ഈ വിവരം അറിഞ്ഞ കോഴിക്കോട് ടൗണ്‍ പൊലീസ് കേസിനെക്കുറിച്ച് തിരക്കിയപ്പോഴാണ് അന്വേഷണം എന്തായെന്നറിയാന്‍ പ്രമോദ് താമരശേരി പൊലീസില്‍ ബന്ധപ്പെട്ടത്. എന്നാല്‍ തന്‍റെ പരാതിയിന്‍മേല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക പോലും ഉണ്ടായിട്ടില്ലെന്ന മറുപടിയാണ് സ്റ്റേഷനില്‍ നിന്ന് കിട്ടിയതെന്ന് പ്രമോദ് പറയുന്നു. പരാതി സ്വീകരിച്ച ഘട്ടത്തില്‍ പൊലീസ് രസീത് നല്‍കിയിരുന്നുമില്ല.
പാളയത്തെ മോഷണവുമായി ബന്ധപ്പെട്ട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇരു മോഷണങ്ങളും നടത്തിയത് ഒരാള്‍ തന്നെയെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, എന്തുകൊണ്ട് കേസ് എടുത്തില്ലെന്ന കാര്യത്തില്‍ പരിശോധന നടത്തുമെന്നാണ് താമരശേരി പൊലീസിന്‍റെ വിശദീകരണം.
