വയനാട്ടിലെ പുളിഞ്ഞാലിൽ കനത്ത മഴയിൽ രൂപപ്പെട്ട ഗർത്തം വിദഗ്ധ സംഘം പരിശോധിച്ചു

കല്‍പ്പറ്റ: കനത്ത മഴയില്‍ വയനാട്ടിലെ പുളിഞ്ഞാല്‍ നെല്ലിക്കച്ചാലില്‍ രൂപപ്പെട്ട ഗര്‍ത്തം വിദഗ്ധ സംഘമെത്തി പരിശോധിച്ചു. വലിയ കുഴി രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ ഇതില്‍ ആശങ്ക വേണ്ടെന്നാണ് സംഘത്തിന്റെ പ്രാഥമിക പരിശോധനക്ക് ശേഷം ഇവര്‍ പ്രതികിച്ചത്. ജില്ല ദുരന്തനിവാരണ അതോറിറ്റി, ജിയോളജി, റവന്യൂ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധനക്കായി സ്ഥലത്ത് എത്തിയത്.

ഭൂമിക്കടിയിലൂടെ ഗര്‍ത്തത്തിലേക്ക് വെള്ളം എത്തുന്നില്ല. കുഴിയില്‍ വെള്ളം കെട്ടിക്കിടക്കുന്നുമില്ല. ശക്തമായ നീരുറവകളും ഗര്‍ത്തത്തിലേക്ക് എത്തുന്നതായി ഇന്നലെ നടന്ന പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. ബാണാസുരമലയിലെ കാട്ടരുവികളില്‍ നിന്ന് നേരിട്ടുള്ള ഒഴുക്ക് ഗര്‍ത്തത്തിലേക്കോ അതിന് സമീപത്തേക്കോ ഇല്ല. വലിയ കുത്തൊഴുക്കിന്റെ സാധ്യതകളും ഇവിടെ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥ സംഘം പറഞ്ഞു.

ജിയോളജിസ്റ്റ് ഷെല്‍ജുമോന്‍, ടൗണ്‍ പ്ലാനര്‍ കെ എസ് രഞ്ജിത്ത്, ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍, ഹ്യൂം സെന്ററിലെ സി കെ വിഷ്ണുദാസ് എന്നിവരാണ് ഗര്‍ത്തവും പരിസര പ്രദേശങ്ങളും പരിശോധന നടത്തിയത്. മാനന്തവാടി തഹസില്‍ദാര്‍ എം ജെ അഗസ്റ്റിന്‍, വെള്ളമുണ്ട വില്ലേജ് ഓഫീസര്‍ കെ ദിനേശന്‍, വാര്‍ഡ് അംഗം ഷൈജി ഷിബു തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആറിന് ആണ് നെല്ലിക്കച്ചാല്‍ ഉന്നതി റോഡിന് കുറുകെ വിള്ളലുണ്ടായി വലിയ ഗര്‍ത്തം രൂപപ്പെട്ടത്. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി മലയോരത്തുള്ള താമസക്കാരെ അന്നുതന്നെ പുളിഞ്ഞാല്‍ ഗവ. ഹൈസ്‌കൂളിലേക്ക് മാറ്റിയിരുന്നു.

അതേസമയം കേരളത്തിൽ 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂൺ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് അറിയിപ്പ്. ജൂൺ 29 ഓടെ പുതിയ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് പിന്നീടുള്ള 24 മണിക്കൂറിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുകയും ചെയ്തേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഇന്ന് ഇടുക്കി, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.