മലപ്പുറം: കൊവിഡ് 19 ആഗോളതലത്തിൽ വെല്ലുവിളിയാകുമ്പോൾ മലപ്പുറം ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ്. ജില്ലയിൽ നിന്നു വിദഗ്ധ പരിശോധനക്കയച്ച 83 സാമ്പിളുകളിൽ 74 പേരുടെ പരിശോധന ഫലങ്ങൾ ലഭിച്ചു. ഇവർക്കാർക്കും രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വ്യക്തിക്ക് കൊറോണ സ്ഥിരീകരിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയിരുന്നു. വാട്ട്സാപ്പ് ഓഡിയോ സന്ദേശമായി എത്തിയ ഇത് നാട്ടുകാരെ ഏറെ ഭീതിയിലാക്കിയിരുന്നു.

ഇനി ഒമ്പതു സാമ്പിളുകളുടെ രണ്ടു ഘട്ട വിദഗ്ധ പരിശോധന ഫലങ്ങൾ ലഭിക്കാനുണ്ട്. തിങ്കളാഴ്ച 28 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ജില്ലയിലിപ്പോൾ നിരീക്ഷണത്തിലുള്ളത് 101 പേരാണ്. ഇതിൽ 24 പേർ ഐസൊലേഷൻ വാർഡിലും 77 പേർ വീടുകളിലും കഴിയുന്നു. രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർ ആരോഗ്യ വകുപ്പുമായി പൂർണ്ണമായും സഹകരിക്കണമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക്ക് അധ്യക്ഷനായ കൊറോണ പ്രതിരോധ മുഖ്യ സമിതി നിർദ്ദേശിച്ചു.