ഓണ്‍ലൈന്‍ പഠനത്തിന് ടിവിയും കറന്റും മൊബൈല്‍ ഫോണിന് റേഞ്ചുമില്ലെന്ന ദുരവസ്ഥ സ്‌കൂളിലെ പ്രധാന അധ്യാപികയോട്  അലന്‍ പറഞ്ഞതോടെയാണ് കാര്യങ്ങള്‍ പുറംലോകമറിയുന്നത്. പ്രിന്‍സിന്റെ അവസ്ഥ പ്രധാന അധ്യാപിക സോണിയ മന്ത്രി പി പ്രസാദിനെ അറിയിക്കുകയായിരുന്നു. 

ചേര്‍ത്തല: 10 വര്‍ഷമായി വൈദ്യുതിയില്ലാത്ത വീട്ടില്‍ മൂന്നാം ക്ലാസുകാരന്റെ ഇടപെടലിനെ തുടര്‍ന്ന് കണക്ഷന്‍ ലഭിച്ചു. പട്ടണക്കാട് പഞ്ചായത്ത് 17ാം വാര്‍ഡില്‍ മാണിയാംപൊഴിയില്‍ പ്രിന്‍സ്-റാണി ദമ്പതികളുടെ മകനും ഒറ്റമശേരി സെന്റ് ജോസഫ് എന്‍പി എസില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അലന്‍ പ്രിന്‍സാണ് വൈദ്യുതി ഇല്ലാത്തതിനാല്‍ പഠിക്കാനാകുന്നില്ലെന്ന് പരാതിപ്പെട്ടത്. 

ഓണ്‍ലൈന്‍ പഠനത്തിന് ടിവിയും കറന്റും മൊബൈല്‍ ഫോണിന് റേഞ്ചുമില്ലെന്ന ദുരവസ്ഥ സ്‌കൂളിലെ പ്രധാന അധ്യാപികയോട് അലന്‍ പറഞ്ഞതോടെയാണ് കാര്യങ്ങള്‍ പുറംലോകമറിയുന്നത്. പ്രിന്‍സിന്റെ അവസ്ഥ പ്രധാന അധ്യാപിക സോണിയ മന്ത്രി പി പ്രസാദിനെ അറിയിക്കുകയായിരുന്നു. പത്ത് വര്‍ഷമായി കറന്റ് കണക്ഷന് വേണ്ടി അപേക്ഷ സമര്‍പ്പിച്ച മത്സ്യതൊഴിലാളിയായ പ്രിന്‍സിന് അയല്‍വാസികളുടെ കണ്‍സെന്റിനായി (അനുമതി) അനവധി ഇടപെടല്‍ നടത്തിയിട്ടും നടന്നില്ല. ഇതോടെ അലന്റെയും സഹോദരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌നേഹയുടെയും പഠനം വഴിമുട്ടി. 

പ്രധാന അധ്യാപിക അലന്റെ കാര്യം മന്ത്രിയോട് പറഞ്ഞ ഉടനെ കെഎസ്ഇബി അധികൃതരെ വിളിച്ച് വേണ്ട നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ എത്തി അയല്‍വാസികള്‍ക്ക് കുഴപ്പമില്ലാത്ത രീതിയില്‍ മൂന്ന് പോസ്റ്റ് ഇട്ട് വെള്ളിയാഴ്ചയോടെ കറന്റ് കണക്ഷന്‍ നല്‍കുകയായിരുന്നു.

ചിത്രം: അലന്റെ വീട്ടില്‍ വൈദ്യുതി കിട്ടിയതോടെ മന്ത്രി പി പ്രസാദ് സ്വിച്ചോണ്‍ കര്‍മ്മം നടത്തുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona