കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോ റിക്ഷയ്ക്ക് വിലക്ക്. വിലക്ക് ലംഘിച്ച് അകത്തു പ്രവേശിച്ചാൽ മൂവായിരം രൂപ പിഴ ഈടാക്കുമെന്ന് അധികൃതർ ബോർഡ് സ്ഥാപിച്ചു. ഇതോടെ വിമാനത്താവളത്തിലെത്തുന്ന സാധാരണ യാത്രക്കാർ പ്രതിസന്ധിയിലായി. 

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോ റിക്ഷയ്ക്ക് വിലക്ക്. വിലക്ക് ലംഘിച്ച് അകത്തു പ്രവേശിച്ചാൽ മൂവായിരം രൂപ പിഴ ഈടാക്കുമെന്ന് അധികൃതർ ബോർഡ് സ്ഥാപിച്ചു. ഇതോടെ വിമാനത്താവളത്തിലെത്തുന്ന സാധാരണ യാത്രക്കാർ പ്രതിസന്ധിയിലായി. ഓട്ടോറിക്ഷകള്‍ക്ക് ടോള്‍ ബൂത്തിനടുത്തായി പ്രത്യേക പാസേജ് ഉണ്ടാക്കുമെന്നും ആളുകളുമായി വരുന്ന ഓട്ടോകള്‍ യാത്രക്കാരെ കയറ്റി പോകുന്നതിനെതിരെ പ്രീപെയ്ഡ് ടാക്‌സിക്കാര്‍ പരാതി നല്‍കിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.

വിമാനത്താവളത്തിന് പുറത്ത് ഓട്ടോറിക്ഷകള്‍ക്കായുള്ള പ്രത്യേക സ്ഥലം പരിമിതപ്പെടുത്തുമെന്നാണ് എയര്‍പോര്‍ട്ട് അധികൃതർ അറിയിച്ചത്. ഇതോടെ ഓട്ടോ തൊഴിലാളികളും ഓട്ടോറിക്ഷകളെ ആശ്രയിക്കുന്ന സാധാരണക്കാരുമാണ് ദുരിതത്തിലായത്. ദൂരെദിക്കില്‍ നിന്ന് ഓട്ടോ വിളിച്ച് എത്തിയ നിരവധി യാത്രക്കാരെ ഇന്ന് ഗൈറ്റില്‍ ഇറക്കി വിട്ടുകയായിരുന്നു. ട്രെയിനിറങ്ങി ഓട്ടോ വിളിച്ച് വരുന്ന യാത്രക്കാരും ലഗേജുമായി ഒരു കിലോമീറ്ററോളം നടന്ന് വേണം വിമാനത്താവളത്തിലേക്ക് കടക്കാന്‍. സാധാരണക്കാരന്‍റെ വാഹനത്തിനോട് വിമാനത്താവള അധികൃതര്‍ കാണിക്കുന്ന നിഷേധാത്മ നിലപാടില്‍ പ്രതിഷേധം ശക്തമാണ്.