Asianet News MalayalamAsianet News Malayalam

പത്ത് വര്‍ഷമായി വീടിന് അപേക്ഷിച്ച് മടുത്ത് ആദിവാസി കുടുംബം; നിലംപൊത്താറായ വീടൊഴിഞ്ഞിട്ടും അധികൃതര്‍ക്ക് നിസംഗത

ആദിവാസികളിലെ മിക്ക സമുദായങ്ങളും ഒന്നിച്ച് താമസിക്കുന്നതുകൊണ്ട് മാത്രം കിട്ടിയതാണത്രേ മാതൃക കോളനിയെന്ന വിളിപ്പേര്...

no house for tribal family
Author
Kalpetta, First Published Apr 11, 2021, 9:55 PM IST

കല്‍പ്പറ്റ: വീട് തരാമെന്ന് പറഞ്ഞ് പത്ത് വര്‍ഷമായി തന്നെ കബളിപ്പിക്കുന്ന അധികൃതര്‍ക്ക് നേരെ നിസ്സഹായനായി ചിരിക്കുകയാണ് വാളാട് പേര്യ കാലിമന്നം ആദിവാസി കോളനിയിലെ തകരപ്പാടി രാമകൃഷ്ണന്‍ എന്ന അറുപതുകാരന്‍. ഭാര്യ രുഗ്മിണിക്കും മകന്‍ ശ്രീജിത്തിനുമൊപ്പം ഏത് നിമിഷവും തകർന്ന് വീഴാവുന്ന വീട്ടില്‍ നിന്ന് സമീപത്തെ പറമ്പില്‍ കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലേക്ക് മാറിയെങ്കിലും ആധിയൊഴിഞ്ഞിട്ടില്ല. 

വേനല്‍മഴയും കാറ്റും പേടിച്ച്  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇവിടേക്ക് മാറിയതെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. തവിഞ്ഞാല്‍ പഞ്ചായത്തിലെ 20-ാം വാര്‍ഡിലാണ് കാലിമന്നം കോളനി. മാതൃക കോളനിയെന്നൊക്കെ അധികൃതര്‍ ഓമനപ്പേരിട്ട് വെച്ചിട്ടുണ്ടെങ്കിലും വേനലായാല്‍ കുടിവെള്ളം ക്ഷാമവും മഴക്കാലത്ത് ഉറപ്പുള്ള വീടില്ലാത്തതിന്റെ ദുരിതം പേറുകയാണ് ഇവിടുത്തെ ജനത. 

ആദിവാസികളിലെ മിക്ക സമുദായങ്ങളും ഒന്നിച്ച് താമസിക്കുന്നതുകൊണ്ട് മാത്രം കിട്ടിയതാണത്രേ മാതൃക കോളനിയെന്ന വിളിപ്പേര്. 1981-ല്‍ സര്‍ക്കാര്‍ പതിച്ച് നല്‍കിയ സ്ഥലത്താണ് രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ താമസിക്കുത്. 20 വര്‍ഷം മുമ്പ് പഞ്ചായത്തിന്റെ ധനസഹായത്താല്‍ ഓട് മേഞ്ഞ ചെറിയൊരു വീട് വെച്ചിരുന്നു. 

അന്ന് 35000 രൂപമാത്രമായിരുന്നു ലഭിച്ചത്. എന്നാല്‍ കാലപ്പഴക്കത്താല്‍ ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണിപ്പോള്‍ വീട്. പുതിയ വീടിന് അപേക്ഷിക്കാന്‍ തുടങ്ങി വര്‍ഷം പത്തായിട്ടും തന്നെയും കുടുംബത്തെയും മാത്രം കാരണം വ്യക്തമാക്കാതെ തഴയുകയാണൊണ് രാമകൃഷ്ണന്റെ പരാതി. കാലങ്ങളായി യുഡിഎഫാണ് വാര്‍ഡ് ഭരിക്കുന്നത്. 

എന്നാല്‍ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നും തനിക്കും കുടുംബത്തിനുമില്ലെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ എല്ലാവരും എത്തും വോട്ട് ചോദിച്ച് പോകും. അതേസമയം വീടിനുള്ള അപേക്ഷ പരിഗണിക്കാത്ത കാരണമന്വേഷിച്ച് പഞ്ചായത്ത് അംഗമായ ജോബിനെ ബന്ധപ്പെട്ടപ്പോള്‍ ലൈഫ് പദ്ധതിയില്‍ അപേക്ഷയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

രാമകൃഷ്ണന്റെ വീടിനേക്കാള്‍ പരിതാപകരമായ വീടുകള്‍ വാര്‍ഡിലുള്ളത് കൊണ്ടാണ് വൈകുന്നതെന്നും ജോബിന്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടേതിനേക്കാള്‍ തകര്‍ന്ന വീട് വേറെയില്ലെന്നും ഉണ്ടെങ്കില്‍ അത് പഞ്ചായത്തംഗം കാണിച്ചുതരട്ടെയെന്നും രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്ത് പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios