അമിക്കോയിയും മിനിക്കോയിയും വെള്ളത്തിലിറങ്ങിയിട്ട് രണ്ട് വർഷം; ലക്ഷദ്വീപുകാരും ബേപ്പൂരുകാരും ദുരിതത്തില്‍
ലക്ഷദ്വീപിന്‍റെ ഭാഗമായ 9 ദ്വീപുകളിലേക്കാണ് ബേപ്പൂരിൽ നിന്ന് കപ്പൽ സർവീസുണ്ടായിരുന്നത്.

കോഴിക്കോട്: ലക്ഷദ്വീപിൽ നിന്നും ബേപ്പൂരിലേക്കുള്ള യാത്രാക്കപ്പലിന്‍റെ സർവീസ് നിർത്തലാക്കിയിട്ട് രണ്ട് വർഷം. യാത്രക്കാർ വരാതാവുകയും ചരക്ക് നീക്കം കുറയുകയും ചെയ്തതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ബേപ്പൂരിലെ വ്യാപാര സ്ഥാപനങ്ങള്‍. ഹോട്ടലുകളും ലോഡ്ജുകളും കടകളും ഉള്‍പ്പെടെ അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
ലക്ഷദ്വീപിന്‍റെ ഭാഗമായ 9 ദ്വീപുകളിലേക്കാണ് ബേപ്പൂരിൽ നിന്ന് കപ്പൽ സർവീസുണ്ടായിരുന്നത്. അമിക്കോയ്, മിനിക്കോയ് എന്നീ യാത്രാക്കപ്പലുകളും പരലി, ചെറിയ പാണി, വലിയ പാണി എന്നീ സ്പീഡ് ബോട്ടുകളുമാണ് സർവീസ് നടത്തിയിരുന്നത്. ആഴ്ചയിൽ രണ്ട് ദിവസവും സർവീസുണ്ടായിരുന്നു. 2021 ലാണ് യാത്രാകപ്പൽ സർവീസുകള്‍ അവസാനിപ്പിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചത്. ഇതോടെ ജനങ്ങള്‍ പ്രയാസത്തിലായി. കപ്പലുകളിൽ ചിലത് ഡീ കമ്മീഷൻ ചെയ്തു. ചിലത് കൊച്ചിയിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ കോഴിക്കോട് എത്തേണ്ട ദ്വീപ് നിവാസികള്‍ കൊച്ചി വഴിയാണ് യാത്ര ചെയ്യുന്നത്.
കണ്ണൂരും കോഴിക്കോടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; വലഞ്ഞ് വിദ്യാർത്ഥികളും നാട്ടുകാരും
വ്യാപാരികളെ മാത്രമല്ല ചികിത്സയ്ക്കും മറ്റും വരുന്നവരെയും യാത്രക്കാരെയും ബാധിക്കുന്നു. ഇപ്പോള്‍ എറണാകുളത്ത് ഇറങ്ങി കോഴിക്കോടേക്ക് വരണമെന്ന് ലക്ഷദ്വീപ് സ്വദേശി ഉബൈദ് പറഞ്ഞു.
ലക്ഷദ്വീപിൽ നിന്നെത്തുന്ന യാത്രക്കാരെ ആശ്രയിച്ചു പ്രവർത്തിച്ചിരുന്ന കടകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍ മിക്കവയും അടച്ചുപൂട്ടി. ചിലതൊക്കെ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കയറ്റുമതി കുറഞ്ഞതോടെ തുറമുഖത്തിന്‍റെ വരുമാനവും തൊഴിലാളികളുടെ ജോലിയും കുറഞ്ഞു. ബന്ധപ്പെട്ടവർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ദ്വീപിലുള്ളവരുടെയും ബേപ്പൂരുകാരുടെയും ആവശ്യം.