ഓണത്തിന് പച്ചക്കറി വാങ്ങി കീശ കാലിയാക്കാനില്ല, തിരക്കിനിടയിലും ഒരേക്കറിൽ വുത്തുപാകി മന്ത്രി

തൃശൂര്‍: കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് പഴമക്കാര്‍ പറയുന്നത്. കുറേ വര്‍ഷങ്ങളായി മര്യാദയ്ക്ക് ഓണം ഉണ്ണണമെങ്കില്‍ കാണം വില്‍ക്കേണ്ട അവസ്ഥയാണ്. പച്ചക്കറികളുടേയും മറ്റ് സാധനങ്ങളുടേയും വില കുതിക്കുകയാണ്. കിട്ടുന്നതോ മൊത്തം വിഷം തളിച്ച പച്ചക്കറിയും. ഓണത്തിന് പച്ചക്കറി വാങ്ങി കീശ കാലിയാക്കാന്‍ എന്തായാലും മന്ത്രി രാധാകൃഷ്ണന്‍ തയാറല്ല. മന്ത്രി പണിക്കിടയില്‍ പച്ചക്കറി കൃഷിയിറക്കുകയാണ് അദ്ദേഹം.

ഓണ സദ്യയ്ക്കുള്ള പച്ചക്കറി വിത്തുകളിറക്കി മന്ത്രി കെ. രാധാകൃഷ്ണനും സുഹൃത്തുക്കളും 'മാതൃക' കാട്ടിയിരിക്കുന്നത്. ചേലക്കര തോന്നൂര്‍ക്കര നരിമടയില്‍ മന്ത്രിയുടെ വീടിന് സമീപമുള്ള ഒരേക്കര്‍ പറമ്പിലാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. ഓണത്തിന് വിളവെടുക്കാവുന്ന തരത്തില്‍ പയര്‍, വെണ്ട, മത്തന്‍, കുമ്പളം, ചേന, ചേമ്പ് എന്നിവയാണ് കൃഷി ആരംഭിച്ചത്. സുഹൃത്തായ മോഹന്‍ദാസിന്റെ ഉടമസ്ഥതയില്‍ ഒഴിഞ്ഞുകിടന്ന ഭൂമിയിലാണ് പച്ചക്കറി കൃഷി.

സുഹൃത്തുക്കളായ പ്രസാദ്, ശശിധരന്‍, മധുരാജ്, രാജന്‍, പൊന്നന്‍ എന്നിവരാണ് പച്ചക്കറി സംരക്ഷിച്ചെടുക്കുന്നത്. ആഴ്ചയില്‍ വീട്ടിലെത്തുന്ന മന്ത്രി തന്റെ കൃഷിയിടത്തിലുമെത്തി കൃഷിയെ പരിപാലിക്കും. കൊവിഡ് സമയം മുതലാണ് ഇവിടെ കൃഷി ആരംഭിച്ചത്. ചെറുപ്പക്കാരുടെ കര്‍മശേഷിയെ കൃഷിയിലൂടെ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ നാട് നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകുമെന്ന് മന്ത്രി പറഞ്ഞു.

Read more:  'ചലാൻ അടക്കേണ്ടി വന്നില്ല', റോഡിലെ അഭ്യാസികൾക്ക് സംഭവിച്ചതിന്റെ വീഡിയോയുമായി എംവിഡി!