തൃശൂര്‍: ദിനംപ്രതി പതിനായിരക്കണക്കിന് ആളുകള്‍ വന്നുപോകുന്ന ഗുരുവായൂരില്‍ റയില്‍വെമേല്‍പ്പാലം എന്ന ആവശ്യം വർഷങ്ങളായിട്ടും നടപ്പായില്ല. സ്ഥലം ഏറ്റെടുക്കലിനെതിരെ പ്രദേശവാസികളില്‍ ചിലര്‍ കോടതിയെ സമീപിച്ചതാണ് പദ്ധതിയ്ക്ക് തിരിച്ചടിയായത്.

2013-ല്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷൻ മേല്‍പ്പാലത്തിനുള്ള രൂപരേഖ തയ്യാറാക്കിയെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം മൂലം  മേല്‍പ്പാലനിര്‍മ്മാണം തുടങ്ങാനായില്ല. ദിവസേന മുപ്പതിലേറെ തവണ റെയില്‍വേ ഗേറ്റ് അടയ്ക്കുകയും അത്രയും തവണ ഗതാഗതക്കുരുക്കുണ്ടാകുകയും ചെയ്യുന്ന ഗുരുവായൂരില്‍ മേല്‍പ്പാലം അനിവാര്യമായ അവസ്ഥയാണ്. ശബരിമല സീസണില്‍ അയ്യപ്പന്‍മാരുടെ വാഹനങ്ങളും കുരുക്കിലാകുന്നു. നടന്നുപോകുന്നവര്‍ക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 

ഈ സാഹചര്യത്തിലാണ് ഗുരുവായൂരുകാരുടെ ഏറെനാളെത്തെ ആവശ്യം നടപ്പിലാക്കുന്നതിനുളള നടപടി വേഗത്തിലാക്കിയത്. റോഡിന്‍റെ ഇരുവശങ്ങളില്‍ നിന്നുമായി ഇരുപത്തെട്ടര സെൻറ് സ്ഥലം ഏറ്റെടുക്കാൻ സര്‍ക്കാര്‍ നടപടി തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. 24 കോടി രൂപയാണ് മേല്‍പാല നിര്‍മ്മാണത്തിന് ചെലവ് കണക്കാക്കുന്നത്. ഇതിന് 462.8 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയുമുണ്ടാകും. സ്ഥലം ഏറ്റെടുക്കുന്നതിലെ തടസങ്ങള്‍ നീക്കാനുളള ശ്രമത്തിലാണ് അധികൃതര്‍.