ബത്തേരി; വയനാട് ബത്തേരി ചെതലയത്ത് വനത്തിൽ കഴിയുന്ന ആദിവാസി കുടുംബം പട്ടിണിയിൽ. റേഷൻ കാർഡും ആധാറും ഇല്ലാത്തതിനാൽ കുടുംബത്തിന് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നില്ല.
കൊവിഡ് കാലത്ത് വയനാട്ടിലെ ഒരു ആദിവാസി ഊരിലെ അവസ്ഥയാണിത്. മൂന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞുള്ള ബിന്ദുവിന്‍റെ കുടുംബത്തിന് റേഷൻ കാർഡ് ഇല്ല. 

ഭക്ഷ്യധാന്യങ്ങൾ കിട്ടുന്നുമില്ല. സർക്കാർ കണക്കിൽ ഉൾപെടാതെ പോയ കുടുംബങ്ങളാണ് ഇതുപോലെ ദുരിതത്തിലായത്. കൂലിപ്പണിയില്ലാത്തതും പ്രതിസന്ധികൂട്ടി.കൊമ്മഞ്ചേരി കാട്ടുനായ്ക കോളനിയിൽ താമസക്കാരായി 4 കുടുംബങ്ങളിലെ 11 പേരുണ്ട്. മൂന്ന് പേർക്ക് മാത്രമേ റേഷൻ കാർഡ് ഉള്ളൂ.

ഈ കാർഡുകളിൽ കിട്ടുന്ന ഭക്ഷ്യധാന്യങ്ങൾ മറ്റുള്ളവർക്കായി പങ്ക് വെക്കും.അധാർ ഇല്ലാത്തതിനാൽ ഇതര ആനൂകൂല്യങ്ങളും ഈ കുടുംബത്തിന് നിഷേധിക്കപെടുന്നു. 

ട്രൈബൽ പ്രമോട്ടർമാരുൾപ്പെടെയുള്ളവർ കോളനിയിലേക്ക് വരാറേയില്ലെന്ന് കോളനിവാസികൾ കുറ്റപ്പെടുത്തുന്നു. എന്നാൽ അർഹരായവർക്ക് മുഴുവൻ റേഷൻ എത്തിക്കുന്നുണ്ടെന്നാണ് ട്രൈബൽ വകുപ്പിന്‍റെ വിശദീകരണം.