പണിയവിഭാഗത്തെ കൂടാതെ അടിയ, കാട്ടുനായ്ക്ക, വേട്ടകുറുമ എന്നീ സമുദായങ്ങളും മുഖ്യധാരയില്‍ നിന്ന് കടുത്ത അവഗണന നേരിടുകയാണ്. സംവരണത്തിനൊപ്പം കഴിവും പ്രാപ്തിയും ഉണ്ടായിട്ടും അധികാരത്തിലേക്കുള്ള വഴികളില്‍ ആദിവാസിസമുദായങ്ങളിലെ പ്രബല വിഭാഗങ്ങള്‍ തന്നെ ഇവര്‍ക്ക് വിലങ്ങുതടിയാകുന്നു. 

കല്‍പ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണികളിലൊന്നിലും പ്രാതിനിധ്യം നല്‍കാത്തതില്‍ ആദിവാസികളിലെ പണിയ സമുദായം പ്രതിഷേധത്തില്‍. വോട്ട് ബഹിഷ്‌കരിക്കുകയോ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ ചെയ്യുമെന്നാണ് പണിയസമുദായ നേതാക്കളുടെ നിലപാട്. മൂന്ന് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ നടന്നുവരികയാണ്. കേരള പണിയസമാജം, ആദിവാസി ഗോത്ര മഹാസഭ, കേരള ആദിവാസി ഐക്യവേദി തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെയാണ് പ്രതിഷേധത്തിനൊരുങ്ങുന്നത്. 

ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലെല്ലാം കുറുമ, കുറിച്ച്യ സമുദായ അംഗങ്ങളെ മാത്രമാണ് സ്ഥാനാര്‍ഥികളാകാന്‍ പരിഗണിക്കുന്നത്. ഇത്തവണയും ഇതില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് പണിയ നേതാക്കള്‍ പറയുന്നു. മാനന്തവാടി മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ ഒആര്‍ കേളു തന്നെയാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇദ്ദേഹവും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സാധ്യതയുള്ള മുന്‍മന്ത്രി കൂടിയായ ജയലക്ഷ്മിയും കിറിച്യ സമുദായത്തില്‍ നിന്നുള്ളവരാണ്. മറ്റൊരു സംവരണ മണ്ഡലമായ സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ഐ സി ബാലകൃഷ്ണനും കുറിച്ച്യ സമുദായക്കാരനാണ്. 

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സിപിഎമ്മിലെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എംഎസ് വിശ്വനാഥന്‍ കുറുമ സമുദായ അംഗമാണ്. കല്‍പ്പറ്റയാകട്ടെ ജനറല്‍ സീറ്റുമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ഉള്ള ജില്ലയാണ് വയനാട്. ഇതില്‍ തന്നെ നാലിലൊന്നും പണിയസമുദായക്കാരാണ്. ഉന്നതബിരുദധാരികള്‍ പണിയ സമുദായത്തിലുണ്ടായിരിക്കെ സംവരണ മണ്ഡലങ്ങളിലെങ്കിലും പ്രാതിനിധ്യം വേണമെന്ന തങ്ങളുടെ ആവശ്യത്തോട് രാഷ്ട്രീയ നേതൃത്വങ്ങള്‍ മുഖംതിരിഞ്ഞ് നില്‍ക്കുകയാണെന്നാണ് പണിയസമുദായ നേതാക്കള്‍ പറയുന്നത്. 

പണിയവിഭാഗത്തെ കൂടാതെ അടിയ, കാട്ടുനായ്ക്ക, വേട്ടകുറുമ എന്നീ സമുദായങ്ങളും മുഖ്യധാരയില്‍ നിന്ന് കടുത്ത അവഗണന നേരിടുകയാണ്. സംവരണത്തിനൊപ്പം കഴിവും പ്രാപ്തിയും ഉണ്ടായിട്ടും അധികാരത്തിലേക്കുള്ള വഴികളില്‍ ആദിവാസിസമുദായങ്ങളിലെ പ്രബല വിഭാഗങ്ങള്‍ തന്നെ ഇവര്‍ക്ക് വിലങ്ങുതടിയാകുന്നു. ആദിവാസികളിലെ മറ്റു സമുദായങ്ങളെക്കാളും കുറിച്യ, കുറുമ സമുദായങ്ങള്‍ക്ക് സാമ്പത്തിക അടിത്തറ ഉണ്ടെന്നുള്ളതാണ് പിന്നോക്കക്കാരായ തങ്ങളെ തഴയാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കണ്ടെത്തുന്ന കാരണമെന്നാണ് കരുതുന്നതെന്ന് പണിയമസമുദായങ്ങളില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.