കൊടിയത്തൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങിയപ്പോള്‍ അധികൃതര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പഞ്ചായത്തംഗങ്ങള്‍ തന്നെ നേരിട്ടിറങ്ങി പ്രശ്‌നം പരിഹരിച്ചു. 

കോഴിക്കോട്: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ദിവസങ്ങളോളം ജനങ്ങള്‍ വെള്ളം കിട്ടാതെ വലഞ്ഞപ്പോള്‍ ഒടുവില്‍ പഞ്ചായത്തംഗങ്ങള്‍ തന്നെ പ്രശ്‌നം പരിഹരിച്ചു. നിരവധി തവണ വാട്ടര്‍ അതോറിറ്റിയുടെ കരാറുകാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരമാകാതെ വന്നതോടെയാണ് ജനപ്രതിനിധികള്‍ തന്നെ പ്ലംബര്‍മാരാകാന്‍ തീരുമാനിച്ചത്. കൊടിയത്തൂര്‍ - മാട്ടുമുറി റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനിടയിലാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത്.

വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം മാത്രം ആശ്രയിച്ചു കഴിയുന്ന മാട്ടുമുറി, പന്നിക്കോട്, താന്നിക്കല്‍ തൊടി, കട്ടിരിച്ചാല്‍, മാവായി തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങളാണ് ഇതോടെ ഏറെ ദുരിതത്തിലായത്. നിരവധി തവണ കരാറുകാരനുമായി ബന്ധപ്പെട്ടങ്കിലും നന്നാക്കാന്‍ നടപടി സ്വീകരിച്ചില്ലെന്ന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തധികൃതര്‍ ആരോപിച്ചു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത, വൈസ് പ്രസിഡന്റ് സുജ ടോം, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ അഹമ്മദ്കുട്ടി പൂളത്തൊടി എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങളായ ടി.പി ഷറഫുദ്ധീന്‍, മുഹമ്മദ് യൂസഫ് എന്നിവര്‍ പ്ലംബ്ലിംഗിനായുള്ള ഉപകരണങ്ങളുമായി എത്തുകയായിരുന്നു. റോഡിലെ മണ്ണ് മാറ്റി ചോര്‍ച്ച അടയ്ക്കുകയും പിന്നീട് കുടുവെള്ള വിതരണം പുനസ്ഥാപിക്കുകയും ചെയ്തു.