തിരുവനന്തപുരം: ബിഎസ്എൻഎൽ കേരളാ സർക്കിളിലുള്ള ജീവനക്കാർക്ക് അഞ്ച് മാസമായി ശമ്പളമില്ലെന്ന് പരാതി. നഷ്ടത്തെ തുടർന്ന് ജീവനക്കാരെ ഒഴിവാക്കുന്നതിന്‍റെ മുന്നോടിയായാണ് കരാർ ജീവനക്കാരുടെ ശമ്പളം നൽകാത്തതെന്നാണ് പരാതി. പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പലയിടത്തും കസ്റ്റമർ കെയർ സെന്‍ററുകൾ പൂട്ടി.

കോണ്‍ട്രാക്ടര്‍മാരെ വിളിച്ച് ചോദിക്കുമ്പോൾ അവര്‍ക്ക് ഫണ്ട് കിട്ടിയില്ലെന്നാണ് പറയുന്നതെന്നും വേറെ ആരെയും വിളിച്ചിട്ട് കാര്യമില്ലെന്നുമാണ് കരാർ ജീവനക്കാരനായ ഗീരിഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

6,000ൽ അധികം കരാർ ജീവനക്കാരാണ് ബിഎസ്എൻഎൽ കേരളാ സർക്കിളിൽ ഉള്ളത്. കേബിൾ, ബ്രോഡ്ബാൻഡ് അറ്റകുറ്റപ്പണി, കസ്റ്റമർ കെയർ സെന്‍റർ അസിസ്റ്റന്‍റ് തുടങ്ങിയ ജോലികളിലാണ് പ്രധാനമായും കരാർ ജീവനക്കാരെ നിയമിച്ചിരുന്നത്. എന്നാൽ അഞ്ച് മാസമായി ഇവർക്ക് ആർക്കും ശമ്പളം ലഭിച്ചിട്ടില്ല.

മീ ഗാർഡ്, ഐഐഎംഎസ് എന്നീ രണ്ട് കമ്പനികളാണ് ബിഎസ്എൻഎൽ കരാർ ജീവനക്കാരുടെ ശമ്പള വിതരണം ഏറ്റെടുത്തിരുന്നത്. ഈ കമ്പനികൾക്ക് കുടിശ്ശിക വന്നതോടെ ഇവർ പണം നൽകുന്നത് നിർത്തുകയും ചെയ്തു. ശമ്പളം ആരോട് ചോദിക്കണമെന്ന് ആറിയാത്ത അവസ്ഥയിലാണ് ജീവനക്കാർ ഇപ്പോൾ.

നഷ്ടം നികത്താനെന്ന പേരിൽ സംസ്ഥാന വ്യാപകമായി രണ്ട് ലക്ഷത്തിന് താഴെ മാസ വരുമാനമുള്ള കസ്റ്റമർ കെയർ സർവ്വീസ് സെന്‍ററുകൾ പൂട്ടി. ഇക്കൂട്ടത്തിൽ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സെന്‍ററുകളും ഉൾപ്പെടുന്നു. കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിട്ടാൽ മൊബൈൽ, ബ്രോഡ്ബാൻഡ് സർവ്വീസുകളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നേരത്ത 15 ദിവസത്തോളം ജീവനക്കാർ സമരം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.