ഇടുക്കി: ഡ്യൂട്ടിക്കിടെ വനിത പോലീസുകാരി കുഴഞ്ഞു വീണു. ദേവികുളം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരി സിന്ധുവാണ് തിങ്കളാഴ്ച ഉച്ചക്ക് വനം വകുപ്പിന്റെ പഴയ മൂന്നാറിലെ ടിക്കറ്റ് കൗണ്ടറില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണത്. വനപാലകര്‍ ഇവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. 

രാവിലെ പനി ബാധിച്ചതിനെ തുടര്‍ന്ന് സിന്ധു ഡി.വൈ.എസ്.പിയെ സമീപിച്ച് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുറുഞ്ഞിക്കാലത്തോട് അനുബന്ധിച്ച് പഴയ മൂന്നാറിലെ ടിക്കറ്റ് കൗണ്ടറില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുവാന്‍ ഇവരെ ചുമതലപ്പെടുത്തുകയായിരുന്നു. അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഇവര്‍ ടിക്കറ്റ് കൗണ്ടറിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. 

സമീപത്ത് പോലീസുകാരായ സഹപ്രവര്‍ത്തകര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും സിന്ധുവിനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യറായില്ല. തുടര്‍ന്ന് വനപാലകരാണ് സിന്ധുവിനെ കബനിയുടെ ആശുപത്രിയിലെത്തിച്ചത്. സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചാലഞ്ചില്‍ സിന്ധു പങ്കെടുത്തിരുന്നില്ല. ഇത്തരത്തില്‍ പങ്കെടുക്കാത്ത 40 ഓളം പോലീസുകാര്‍ ജില്ലയിലുണ്ട്. ഇവരില്‍ മിക്കവര്‍ക്കും രാജമലയിലാണ് ഡ്യൂട്ടി.