ഇടുക്കി: മൂന്നാറിലെ കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരില്ല, ഉള്ളതാകട്ടെ ജീവനിക്കാര്‍ മാത്രം. കൊവിഡിന്റെ പശ്ചാതലത്തില്‍ മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരുടെ എണ്ണം കുറവാണ്. കുറച്ചു ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നതെങ്കിലും ജീവനക്കാര്‍ മുഴുവനും ഡിപ്പോയില്‍ ഹാജരാകണമെന്ന് മാനേജുമെന്റ് നിര്‍ബന്ധം പിടിച്ചതോടെ സമൂഹിക അകലം പാലിക്കാന്‍ പോലും ജീവനക്കാര്‍ക്ക് കഴിയുന്നില്ല. 

ഡിപ്പോയില്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇരിക്കുവാന്‍ പോലും സ്ഥലമില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചെങ്കിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ കൂട്ടാക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. 

29 ഷെഡ്യൂളുകളാണ് ഉള്ളതെങ്കിലും 11 സര്‍വ്വീസുകള്‍ മാത്രമാണ് നടത്തുന്നത്. ഇതിനുവേണ്ടത് 22 ജീവനക്കാര്‍ മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ 110 ഡ്രൈവര്‍മാരുള്‍പ്പെടെ 170 ജീവനക്കാരാണ് ഈ ഡിപ്പോയില്‍ ജോലിചെയ്യുന്നത്. എല്ലാവരും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവരാണ്.