അശാസ്ത്രീയമായ നിർമ്മാണവും സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളും ഒരുക്കാത്തതാണ് പാർക്കിന് തിരിച്ചടിയായത്. സർക്കാർ ഖജനാവിൽ നിന്ന് ഒന്നരക്കോടിയോളം രൂപ മുതൽ മുടക്കിയാണ് ജില്ലാ ടൂറിസം വകുപ്പ് മൂന്നാർ ഗവ. കോളേജിന് സമീപത്ത് ബോട്ടാനിക് ഗാർഡൻ എന്ന പേരിൽ പാർക്ക് നിർമ്മിച്ചത്
ഇടുക്കി: മൂന്നാറിലെ വിവിധ ടൂറിസം സെന്‍ററുകള്‍ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞപ്പോൾ ആളും ആരവുമില്ലാതെ കോടികൾ മുടക്കിയ ബോട്ടാനിക്കല്‍ ഗാർഡൻ. അശാസ്ത്രീയമായ നിർമ്മാണവും സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളും ഒരുക്കാത്തതാണ് പാർക്കിന് തിരിച്ചടിയായത്. സർക്കാർ ഖജനാവിൽ നിന്ന് ഒന്നരക്കോടിയോളം രൂപ മുതൽ മുടക്കിയാണ് ജില്ലാ ടൂറിസം വകുപ്പ് മൂന്നാർ ഗവ. കോളേജിന് സമീപത്ത് ബോട്ടാനിക് ഗാർഡൻ എന്ന പേരിൽ പാർക്ക് നിർമ്മിച്ചത്.
ചെങ്കുത്തായ കുന്നിൻ ചെരുവിൽ നിർമ്മിച്ച പാർക്കിന്‍റെ നിർമ്മാണത്തിനെതിരെ വിവിധ തലത്തിൽ നിന്ന് പ്രതിഷേധം ഉയർന്നെങ്കിലും മുൻ എംഎൽഎ എസ് രാജേന്ദ്രന്‍റെ നിർദ്ദേശപ്രകാരമാണ് നിർമ്മാണത്തിന്‍റെ ആദ്യഘട്ടം പൂർത്തിയാക്കിയത്. പുല്ലും പൂക്കളും കുട്ടികൾക്ക് ഉല്ലസിക്കാൻ ഊഞ്ഞാല്‍ നിർമ്മിക്കുകയും ചെയ്തു. ഗാർഡനിലേക്ക് സഞ്ചാരികളെ എത്തിക്കാൻ ടൂറിസം വകുപ്പ് ദിവസങ്ങൾ നീണ്ടുനിന്ന ഫ്ളർഷോ നടത്തുകയും ചെയ്തിരുന്നു.
എന്നാൽ കാര്യമായി സന്ദർശകർ എത്തിയില്ലെന്ന് മാത്രമല്ല വരുമാനം നിലയ്ക്കുകയും ചെയ്തു. 2018ലെ പ്രളയത്തെ തുടർന്നുണ്ടായ മണ്ണിടിച്ചലിൽ പാർക്കിന്‍റെ ഒരു ഭാഗത്ത് ഭയാനകമായ രീതിയിൽ മണ്ണ് നിറഞ്ഞിരുന്നു. രണ്ടാം പ്രളയവും തുടർന്നുണ്ടായ കൊവിഡും പാർക്കിന്‍റെ പ്രവർത്തനങ്ങൾക്ക് മങ്ങൽ എൽപ്പിച്ചു. എന്നാൽ നിയന്ത്രണങ്ങള്‍ പിൻവലിച്ചതോടെ ജില്ലയിലെ വിവിധ ടൂറിസം സെന്‍ററുകള്‍ തുറന്നെങ്കിലും ബോട്ടിനിക്ക് ഗാർഡനിൽ സന്ദർശകർ എത്തുന്നില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
