തിരുവനന്തപുരം: നാടിന്‍റെ നാട്ടുകാരുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനും രാപകലില്ലാതെ ഓടി നടക്കുന്ന പോലീസുകാരുടെയും അവരുടെ കുടുംബങ്ങളുടേയും പരാതിക്ക് ചെവി കൊടുക്കാതെ വാട്ടർ അതോറിറ്റി. കഴിഞ്ഞ രണ്ടാഴ്ചയായി വെള്ളമില്ലാതെ പെടാപ്പാട് പെടുകയാണ് വികാസ് ഭവനിലെ  200 ഓളം പോലീസ് കുടുംബങ്ങള്‍. 


രണ്ടാഴ്ചയായി  ജലവിതരണം പണി മുടക്കിയതോടെ  നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ട് പരിഹാരം കാണാൻ ആവശ്യപ്പെട്ടുവെങ്കിലും നാളിതുവരെ പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ല. പോലീസ് ക്യാമ്പിൽ നിന്നും ടാങ്കറിൽ ജലം എത്തിച്ചാണ് അത്യാവശ്യ കാര്യങ്ങൾ ഇപ്പോൾ നിറവേറ്റുന്നത്. ജലവിതരണം മുടങ്ങിയതോടെ പാചകം ചെയ്യാനോ, കുട്ടികളെ സമയത്തിന് സ്‌കൂളിൽ അയക്കാനോ കഴിയാത്ത സാഹചര്യമാണുള്ളത് കുടുംബങ്ങള്‍ പറയുന്നു.

ഡ്യൂട്ടി കഴിഞ്ഞു  വരുന്ന പോലീസുകാർക്കും, പാതിരായ്ക്ക് ഡ്യൂട്ടിക്കിറങ്ങുന്നവര്‍ക്കോ കൈകാൽ കഴുകി  ശുചിയാകാൻ പോലും നിവൃത്തിയില്ലാത്ത സാഹചര്യമാണുള്ളത്. അധികാരികളെ ബന്ധപ്പെട്ട് നിരവധി തവണ സമീപിക്കുകയും നടപടി ആകാതായതോടെ ഡിജിപി യുടെ ശ്രദ്ധയിൽ വിഷയം അവതരിപ്പിച്ചിരിക്കുകയാണ് ക്വാർട്ടേഴ്‌സ് അസോസിയേഷൻ .