തൃശൂര്‍: തൃശൂര്‍ കോളങ്ങാട്ടുകരയില്‍ മരിച്ചവർക്ക് ആദരാഞ്ജലി അര്‍പ്പിക്കാൻ ഇനി മുതല്‍ പുഷ്പചക്രങ്ങള്‍ ഉപയോഗിക്കില്ല. പകരം സാരിയോ മുണ്ടോ സമർപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. മരണാന്തര ചടങ്ങിന് ശേഷം ലഭിച്ച സാരികളും മുണ്ടുമൊക്കെ അനാഥാലയങ്ങളിലേക്കോ പാവങ്ങൾക്കോ കൈമാറും.

തൃശ്ശൂർ അതിരൂപത അധ്യക്ഷനായിരുന്ന മാർ ജോസഫ് കുണ്ടുകുളം കാലം ചെയ്തപ്പോഴാണ് ഇടവകയിലുള്ളവർ ആദ്യമായി പുഷ്പചക്രത്തിന് പകരം വസ്ത്രങ്ങൾ സമർപ്പിച്ചത്. അന്ന് കിട്ടിയ ആയിരക്കണക്കിന് മുണ്ടും സാരിയും അനാഥാലയങ്ങളിൽ വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെ പള്ളിയിൽ വസ്ത്രങ്ങൾ സമർപ്പിക്കുന്നത് പതിവാക്കുകയായിരുന്നു. പിന്നീട് ഈ മാതൃക പിന്തുടരാൻ നാട്ടുകാർ മുഴുവൻ തീരുമാനിക്കുകയായിരുന്നു.