കല്‍പ്പറ്റ: തൊഴിലുറപ്പ് എന്നാല്‍ കാട് വെട്ടല്‍ പോലെയുള്ള ജോലികളില്‍ ഒതുങ്ങിയിരുന്ന കാലമൊക്കെ പോയി. പതുക്കെയാണെങ്കിലും ആസ്തിവികസന പദ്ധതികളിലേക്ക് ചുവടുമാറുകയാണ് മിക്ക തദ്ദേശസ്ഥാപനങ്ങളും. അത്തരത്തില്‍ നാടിന്റെ വികസന സൂചകങ്ങളില്‍ എഴുതിചേര്‍ക്കാവുന്ന പദ്ധതികളാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ തോട് നവീകരണം. 

പഞ്ചായത്തിലുള്‍പ്പെടുന്ന തേലമ്പറ്റക്കടുത്തുള്ള പാടശേഖരത്തിലെ പുളിമരം തോട് കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍. കഴിഞ്ഞ പ്രളയത്തില്‍ തിട്ടകള്‍ തകര്‍ന്ന് വെള്ളം കൃഷിയിടങ്ങളിലേക്ക് കുത്തിയൊഴുകിയിരുന്നു. രണ്ട് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന കല്ലൂര്‍ പുഴയിലേക്ക് ഒഴുകിയെത്തേണ്ട വെള്ളം സമീപത്തെ കൃഷിയിടങ്ങളില്‍ നിന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് കര്‍ഷകര്‍ക്ക് തിരിച്ചു വിടാനായത്. 

മാത്രമല്ല തോട് വഴിമാറി ഒഴുകിയതിനാല്‍ മണലും മറ്റും പാടങ്ങളില്‍ വന്നടിഞ്ഞിരുന്നു. ഇതിന് ശാശ്വത പരിഹാരമായാണ് കയല്‍ഭൂവസ്ത്രം ഉപയോഗിച്ച് തോടിന്റെ തിട്ടകള്‍ സംരക്ഷിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. രണ്ട് വര്‍ഷം കൊണ്ട് കയര്‍ പായ വിരിച്ച തിട്ടകളില്‍ പുല്ലുമറ്റും വളര്‍ന്ന് തോടിന് സ്വഭാവിക സംരക്ഷണമാകും. 4,28,000 രൂപ ചിലവഴിച്ച് ഒരു കിലോമീറ്റര്‍ നീളത്തിലാണ് തോടിന് ഇരുവശവും കയര്‍ ഭൂവസ്ത്രം ഇട്ടത്. 

ആലപ്പുഴയില്‍ നിന്ന് 3000 ചതുരശ്ര മീറ്റര്‍ കയര്‍പായ ഇതിനായി എത്തിച്ചിരുന്നു. പായയുടെ ലഭ്യതക്കനുസരിച്ച് മറ്റു തോടുകള്‍ക്കും താമസിയാതെ സംരക്ഷണമൊരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍കുമാര്‍ പറഞ്ഞു. കൊറോണക്കാലത്തെ പ്രതിസന്ധിയിലും ഏഴുന്നൂറോളം തൊഴില്‍ ദിനങ്ങള്‍ ഇതുവഴി സൃഷ്ടിക്കാനായതായും അദ്ദേഹം പറഞ്ഞു.