Asianet News MalayalamAsianet News Malayalam

വയനാട്ടിൽ കൂടിയ ടിപിആര്‍ രേഖപ്പെടുത്തി നൂല്‍പ്പുഴ പഞ്ചായത്ത്; ആദ്യമായി ട്രിപ്പിള്‍ ലോക്കില്‍

കൊവിഡ് രണ്ടാംതരംഗത്തിലും ജില്ലയില്‍ തന്നെ മികച്ച പ്രതിരോധം തീര്‍ത്ത പഞ്ചായത്താണ് നൂല്‍പ്പുഴ. എന്നാല്‍ രോഗ സ്ഥീരികരണ തോത്  ടിപിആര്‍ ഉയര്‍ന്നതിനാല്‍ ഇന്നലെ മുതല്‍ ഇവിടം ട്രിപ്പിൾ ലോക്ഡൗണിലാണ്. 

Noolpuzha panchayat registers highest TPR in Wayanad For the first time in a triple lock
Author
Kerala, First Published Jul 15, 2021, 11:07 PM IST

സുല്‍ത്താന്‍ബത്തേരി: കൊവിഡ് രണ്ടാംതരംഗത്തിലും ജില്ലയില്‍ തന്നെ മികച്ച പ്രതിരോധം തീര്‍ത്ത പഞ്ചായത്താണ് നൂല്‍പ്പുഴ. എന്നാല്‍ രോഗ സ്ഥീരികരണ തോത്  ടിപിആര്‍ ഉയര്‍ന്നതിനാല്‍ ഇന്നലെ മുതല്‍ ഇവിടം ട്രിപ്പിൾ ലോക്ഡൗണിലാണ്. പഞ്ചായത്തിലെ പ്രധാന ടൗണ്‍ ആയ കല്ലൂര്‍ ഉള്‍പ്പെടുന്ന ആറാം വാര്‍ഡില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഇന്നലെ വരെ രേഖപ്പെടുത്തിയ ടിപിആര്‍ 20.64 ആണ്. ഏറ്റവും കൂടുതല്‍ ആദിവാസി കോളനികള്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് കൂടിയായതിനാല്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ കുറ്റമറ്റ രീതിയിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്. രണ്ടാം തരംഗത്തില്‍ വേഗത്തില്‍ ടിപിആര്‍ കുറഞ്ഞ പഞ്ചായത്തുകളിലൊന്ന് നൂല്‍പ്പുഴയായിരുന്നു. 

ഇക്കാരണം കൊണ്ട് തന്നെ ആദിവാസി കോളനികളില്ലെല്ലാം കേസുകള്‍ തീര്‍ത്തും കുറവാണ്. നിലവില്‍ ആറാം വാര്‍ഡില്‍ മാത്രമാണ് രോഗികള്‍ കൂടുതല്‍ ഉള്ളത്. ടിപിആര്‍ നിരക്ക് ഉയര്‍ന്നതിന്റെ പേരില്‍ മാത്രമാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുള്ളത്. അതേസമയം ജൂലൈ മാസത്തെ രോഗികളുടെ എണ്ണമെടുത്താല്‍ ഇതര പഞ്ചായത്തുകളേക്കാളും കുറവുമാണ്. 15-ാം തീയ്യതി വരെ ആകെ 141 പേര്‍ക്കാണ് നൂല്‍പ്പുഴയില്‍ രോഗം സ്ഥിരീകരിച്ചത്. 

ഈ സമയത്തിനുള്ളില്‍ തൊട്ടടുത്ത പഞ്ചായത്തായ നെന്മേനിയില്‍ 229 പേര്‍ക്ക് സ്ഥിരീകരിച്ചിരിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആറാം വാര്‍ഡില്‍ മാത്രമാണ് നിലവില്‍ കേസുകള്‍ അധികമുള്ളതെന്നും നുല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം മേധാവി ഡോ. ദാഹര്‍ മുഹമ്മദ് ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ജൂലൈമാസം പരിശോധനകളുടെ എണ്ണം കുറഞ്ഞത് കൊണ്ട് മാത്രമാണ് ടിപിആര്‍ ഉയര്‍ന്നത്. പ്രതിരോധം കുറ്റമറ്റ രീതിയില്‍ മുന്നോട്ടുപോകുന്നതായും അദ്ദേഹം അറിയിച്ചു. നൂല്‍പ്പുഴയെ കൂടാതെ അമ്പലവയല്‍ (16.04), മീനങ്ങാടി (17.26), തവിഞ്ഞാല്‍ (17.68) പഞ്ചായത്തുകളും ഡി. വിഭാഗത്തിലുള്‍പ്പെട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios