ചാരുംമൂട്: പശുവിന്റെ തൊഴിയേറ്റ് ഗൃഹനാഥൻ  മരിച്ചു. നൂറനാട് പടനിലം കിടങ്ങയം കൈപ്പള്ളിൽ ഹരി ഭവനത്തിൽ ഹരിക്കുട്ടൻ പിള്ള( 46)യാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ച്  മണിയോടെയായിരുന്നു സംഭവം. 

പാൽ കറന്നെടുക്കുന്നതിനു മുന്നോടിയായി തൊഴുത്തിലെ ചാണകവും മൂത്രവും നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടയില്‍ പശു തൊഴിക്കുകയായിരുന്നു. പാൽപാത്രവുമായി പിന്നാലെ വന്ന ഭാര്യ ദീപയാണ് ബോധമറ്റു കിടക്കുന്ന ഗൃഹനാഥനെ കണ്ടത്. 

ബഹളം വച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അയൽവാസികൾ ഇദ്ദേഹത്തെ ഇടപ്പോണുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ജീവൻ രക്ഷപ്പെടുത്തുവാൻ സാധിച്ചില്ല. ഗൗരി, ഗംഗ എന്നിവർ മക്കളാണ്.