കൽപ്പാത്തി രഥോത്സവത്തില്‍ രഥം തള്ളുന്നതിന് ആന വേണ്ട; നിര്‍ദേശവുമായി ജില്ലാതല മോണിറ്ററിങ് സമിതി
കഴിഞ്ഞ വര്‍ഷം രഥോത്സവത്തിന് ചെവി കീറിയ പുതുപ്പള്ളി അര്‍ജ്ജുനന്‍ എന്ന ആനയെ ഉപയോഗിച്ച് രഥം തള്ളിയത് ഏറെ വിമര്‍ശനമുയര്‍ന്നിരുന്നു.

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തില്‍ രഥം തള്ളുന്നതിന് ആന വേണ്ടെന്ന് നിര്‍ദേശം. ജില്ലാതല മോണിറ്ററിങ് സമിതിയുടേതാണ് കര്‍ശന നിര്‍ദേശം. അതേസമയം ആനയെ എഴുന്നള്ളത്തിന് കൊണ്ടുവരുന്നതിന് വിലക്കില്ല. കഴിഞ്ഞ വര്‍ഷവും രഥം നീക്കുന്നതിന് ആനയെ ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ നിയമം മറികടന്ന് ആനയെ കൊണ്ട് രഥം തള്ളിയിരുന്നു.
കഴിഞ്ഞ വര്‍ഷം രഥോത്സവത്തിന് ചെവി കീറിയ പുതുപ്പള്ളി അര്‍ജ്ജുനന്‍ എന്ന ആനയെ ഉപയോഗിച്ച് രഥം തള്ളിയത് ഏറെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ഈ വര്‍ഷം നിര്‍ദേശം കര്‍ശനമാക്കുന്നത്. നിലവില്‍ കല്‍പാത്തി രഥോത്സവത്തോടനുബന്ധിച്ച് 7 ആനകള്‍ക്ക് മാത്രം എഴുന്നള്ളിപ്പിനുള്ള അനുമതിയാണ് നല്‍കിയത്. അയിലൂര്‍ അഖിലേശ്വര ക്ഷേത്രത്തിന് 5 ആനകള്‍ക്കും
കൽപ്പാത്തി വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം, കൽപ്പാത്തി ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ഒരു ആനയെയും എഴുന്നള്ളിക്കാം. സമിതിയുടെ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്തശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.