മാനന്തവാടി വെള്ളമുണ്ട സ്വദേശി റഫീഖ് അബ്ദുള്ള കുടിവെള്ളത്തിനായി സാമൂഹിക മാധ്യമത്തിലൂടെ സഹായം അഭ്യർത്ഥിച്ചത് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ഉടൻ വിഷയത്തിൽ ഇടപെടുകയും കുടുംബത്തിന് കിണർ നിർമ്മിച്ചു നൽകുകയും ചെയ്തു.

മാനന്തവാടി: കിണർ നിർമ്മിക്കാൻ സഹായം അഭ്യർത്ഥിച്ച് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി കിണർ നിർമ്മിച്ചു നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. മാനന്തവാടി വെള്ളമുണ്ട സ്വദേശികളുടെ കുടിവെള്ള പ്രശ്നത്തിനാണ് പരിഹാരമായത്. വെള്ളമുണ്ട സ്വദേശി റഫീഖ് അബ്ദുള്ളയാണ് കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കിണർ നിർമ്മിച്ചു നൽകണമെന്ന് സാമൂഹിക മാധ്യമത്തിലൂടെ സഹായം അഭ്യർത്ഥിച്ചത്. കുറിപ്പ് ലുലു ​ഗ്രൂപ്പ് ചെയർമാന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ അദ്ദേഹം നിർദേശം നൽകുകയായികുന്നു. കിണർ നിർമ്മിച്ച് നൽകുന്നതിനുള്ള സഹായം ഉടൻ അനുവദിച്ചു.

ദ്രുത​ഗതിയിൽ തന്നെ ആവശ്യമായ നടപടികൾ പൂർത്തിയാക്കി കിണറിന്‍റെ നിർമ്മാണം പൂർത്തിയാക്കി. പ്രദേശത്തെ കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരമായി പുതിയ കിണർ മാറി. വേനൽക്കാലത്തും മറ്റ് സമയങ്ങളിലും കുടിവെള്ളത്തിനായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ വലിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പ്രശ്നത്തിന് പരിഹാരം കണ്ടെത്തി യൂസഫലിക്ക് കുടുംബങ്ങൾ നന്ദി രേഖപ്പെടുത്തി.